കൊച്ചി: ന്യൂനപക്ഷാവകാശമെന്നത് മേല്‍ക്കോയ്മ നേടാനുള്ളതല്ല, സാമൂഹ്യ സമത്വം ഉറപ്പാക്കാനുള്ളതാണെന്ന് ഹൈക്കോടതി. ഹെഡ്മിസ്ട്രസ് നിയമനത്തില്‍ സീനിയോറിറ്റി മറികടന്ന് മറ്റൊരാളെ നിയമിച്ചുവെന്ന് ആരോപിച്ച് മലപ്പുറം സുല്ലാ മുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളിലെ അദ്ധ്യാപിക കെ. ജമീല നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖിന്റേ പരാമര്‍ശം.
ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ മാനേജ്‌മെന്റുകള്‍ക്ക് അനിയന്ത്രിതമായ സ്വാതന്ത്ര്യമില്ലെന്നും കോടതി പറഞ്ഞു. വിദ്യാഭ്യാസ ദൗത്യം നിറവേറ്റുകയെന്നതാണ് ഈ പദവിയിലൂടെ ലക്ഷ്യമിടുന്നത്. ഈ അവകാശം ഭൂരിപക്ഷ വിഭാഗങ്ങളേക്കാള്‍ ആനുകൂല്യങ്ങള്‍ കൈവരിക്കാനോ മേല്‍ക്കോയ്മ നേടാനോ ഉള്ളതല്ലെന്നും ഹൈക്കോടതി വിലയിരുത്തി.
അദ്ധ്യാപകര്‍ പച്ചക്കോട്ട് ധരിച്ച് സ്‌കൂളില്‍ എത്തണമെന്ന മാനേജ്‌മെന്റ് നിര്‍ദ്ദേശം പാലിക്കാത്തതിനാല്‍ ജമീലയെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത് വിവാദമായിരുന്നു. 2013 ഏപ്രില്‍ ഒന്നിന് ഇവര്‍ ഹെഡ്മിസ്ട്രസായി എന്നു കണക്കാക്കി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാനും ഉത്തരവില്‍ പറയുന്നു. ഒരു നിയമനത്തിന്റെ പേരില്‍ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്ക് കോട്ടം വരരുതെന്നും ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post