ഹിന്ദുസ്ഥാന്‍ എയറൊണോട്ടിക്കല് ലിമിറ്റഡിലെ (എച്ച്.എ.എല്‍) തൊഴിലാളികളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസാരിക്കുമെന്ന് കര്‍ണാടകയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവു അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെപ്പറ്റി യാതൊരു വിധത്തിലുള്ള വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലായെന്ന് എച്ച്.എ.എല്‍ അധികൃതര്‍ വ്യക്തമാക്കി. എച്ച്.എ.എല്ലിന്റെ മീഡിയാ തലവന്‍ ഗോപാല്‍ സുതറാണ് ഇതേപ്പറ്റി വ്യക്തത കൊണ്ടുവന്നത്.
ഒക്ടോബര്‍ 13ന് തൊഴിലാളികളുമായി സംസാരിക്കുമെന്നായിരുന്നു ദിനേശ് ഗുണ്ടു റാവു അറിയിച്ചത്. കര്‍ണാടകയിലെ ജനങ്ങളുടെ തൊഴില്‍ സാധ്യത നഷ്ടപ്പെടുത്തിക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റാഫേല്‍ ഇടപാടില്‍ എച്ച്.എ.എല്ലിനെ ഒഴിവാക്കി റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയതെന്ന് രാഹുല്‍ ഗാന്ധി ആരോപണം നടത്തിയിട്ടുണ്ട്. മോദി അഴിമതി നടത്തുന്നയാളാണെന്നും അനില്‍ അംബാനിക്ക് 30,000 കോടി രൂപ നല്‍കിയെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
അതേസമയം ഫ്രഞ്ച് കമ്പനിയായ ദസോളാണ് റിലയന്‍സിനെ തിരഞ്ഞെടുത്തതെന്ന വാദമാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത്. രാഹുലിന്റെ വാദങ്ങള്‍ പൊള്ളയാണെന്നാണ് ബി.ജെ.പിയുടെ നിലപാട്.
Discussion about this post