കൊച്ചി: ശബരിമല മേല്‍ശാന്തി നിയമനത്തിനു സമര്‍പ്പിച്ച പിന്നാക്ക വിഭാഗക്കാരനായ ക്ഷേത്രം മേല്‍ശാന്തിയുടെ അപേക്ഷ അബ്രാഹ്മണനായതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിരസിച്ചു.
”മലയാള ബ്രാഹ്മണനല്ലാത്തതിനാല്‍ നിരസിക്കുന്നു” എന്ന് ചൂണ്ടിക്കാട്ടി ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ റിജക്ഷന്‍ മെമ്മോ ചൊവ്വാഴ്ച കോട്ടയം സ്വദേശി സി.വി. വിഷ്ണുനാരായണന് ലഭിച്ചു. ആക്ഷേപമുണ്ടെങ്കില്‍ ഇന്ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളുമാണ് ഇന്റര്‍വ്യൂ.
കോട്ടയത്ത് എസ്.എന്‍.ഡി.പി യോഗം പള്ളം ശാഖയിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ് വിഷ്ണുനാരായണന്‍. കഴിഞ്ഞ വര്‍ഷവും ശബരിമല മേല്‍ശാന്തി സനിയമനത്തിന് അപേക്ഷിച്ചിരുന്നു, എന്നാല്‍ അപേക്ഷ നിരസിച്ചിരുന്നില്ല. അഭിമുഖത്തിന് വിളിച്ചതുമില്ല. ഇത് സംബന്ധിച്ച കേസ് ഇപ്പോഴും ഹൈക്കോടതിയിലുണ്ട്. ജന്മബ്രാഹ്മണ്യം ഒഴികെ ബോര്‍ഡ് നിഷ്‌കര്‍ഷിച്ച എല്ലാ യോഗ്യതകളും പാലിക്കുന്നയാളാണ് വിഷ്ണു നാരായണന്‍.
ദേവസ്വം ബോര്‍ഡുകളിലെ ശാന്തി നിയമനങ്ങളില്‍ ജാതിവിവേചനം പാടില്ലെന്ന് സുപ്രീംകോടതി 2002ല്‍ ഉത്തരവിട്ടതാണ്. 2014ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും എല്ലാ ദേവസ്വം ബോര്‍ഡുകള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കിയിരുന്നു. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ആവേശംകാട്ടിയ ദേവസ്വം ബോര്‍ഡും സര്‍ക്കാരും മേല്‍ശാന്തി നിയമനകാര്യത്തില്‍ നിഷേധം തുടരുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.
അതേസമയം വിഷ്ണുനാരായണന്റെ അപേക്ഷ നിരസിച്ച കാര്യം അറിയില്ലെന്നാണ് ദേവസ്വം പ്രസിഡണ്ട് എ പത്മകുമാറിന്റെ വിശദീകരണം. കാലങ്ങളായി തുടര്‍ന്നുവരുന്ന കീഴ്വഴക്കവും കോടതികാര്യങ്ങളും പരിശോധിക്കണമെന്നും അദ്ദേഹം പറയുന്നു. ജാതി വിവേചനം നിലനിര്‍ത്തുന്നതിനെതിരെയുള്ള സുപ്രിം കോടതി വിധി നടപ്പാക്കാത്ത ദേവസ്വവും സര്‍ക്കാരും, വിശ്വാസ സമൂഹത്തിന് എതിരായ വിധി നടപ്പാക്കാന്‍ കാണിക്കുന്ന ആവേശം ഇരട്ടതാപ്പാണെന്ന വിമര്‍ശനം ശക്തമായി ഉയര്‍ന്ന് കഴിഞ്ഞു.
Discussion about this post