പ്രളയ ദുരന്തത്തില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ വേണ്ടി സംസ്ഥാനത്തെ മന്ത്രിമാര്‍ ഫണ്ട് പിരിക്കാന്‍ വേണ്ടി വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ അപേക്ഷകളില്‍ വിദേശത്തെ തട്ടിക്കൂട്ട് സംഘടനകളുടെ ക്ഷണപത്രമാണുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിമാരുടെ സംഘത്തിന് അനുമതി നിഷേധിച്ചത്. പ്രവാസി മലയാളികളുടെ പൊതുവേദിയായി സര്‍ക്കാര്‍ രൂപീകരിച്ച ലോക കേരളസഭയില്‍ പങ്കെടുത്ത ചില സംഘടനകളുടെ ക്ഷണപത്രമാണു സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. ഇതില്‍ പലതും തട്ടിക്കൂട്ട് സംഘടനകളാണെന്ന റിപ്പോര്‍ട്ടാണ് വിദേശ രാജ്യങ്ങളിലെ എംബസികളില്‍നിന്ന് കേന്ദ്രസര്‍ക്കാരിനു ലഭിച്ചത്.മലയാള മനോരമയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
മുഖ്യമന്ത്രിയുടെ കൂടെ 17 പേരാണ് വിദേശത്തേക്ക് പോകാന്‍ പദ്ധതിയിട്ടത്. വിദേശത്ത് നിന്നും സഹായങ്ങള്‍ കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തില്‍ ഇത്രയധികം പേര്‍ ഒരുമിച്ച് വിദേശത്തേക്ക് പോകേണ്ടതുണ്ടോയെന്ന ചര്‍ച്ചയും ഉയര്‍ന്ന് വന്നിരുന്നു. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് വിദേശത്തേക്ക് പോകാന്‍ അനുമിതയുള്ള.
മരാമത്ത് മന്ത്രി ജി. സുധാകരന്റെ ഒപ്പം അമേരിക്കയിലേക്ക് പോകാനിരുന്നത് 16 പേരായിരുന്നു. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പോകാനിരുന്നത് ശ്രീലങ്കയിലേക്കായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം 17 പേരായിരുന്നു പോകാനുണ്ടായിരുന്നത്. ഇത്രധികം മന്ത്രിമാര്‍ ഒരുമിച്ച് പോകുന്നത് ധൂര്‍ത്തായി വ്യാഖ്യാനിക്കുമെന്ന് സി.പി.എമ്മിന്റെ അകത്ത് അഭിപ്രായം ഉയര്‍ന്നിരുന്നു.
യാത്രചെയ്യുന്ന ഓരോ വ്യക്തിയും പ്രത്യേകം അപേക്ഷ നല്‍കേണ്ടതുണ്ട്. ഇങ്ങനെ ലഭിച്ച അപേക്ഷകള്‍ വിദേശകാര്യമന്ത്രാലയം അതതു രാജ്യത്തെ എംബസികളിലേക്ക് അയച്ചിരുന്നു. എംബസികള്‍ തിരികെ നല്‍കിയ റിപ്പോര്‍ട്ടിലാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷകളില്‍ തട്ടിക്കൂട്ട് സംഘടനകളുടെ ക്ഷണപത്രമാണുള്ളതെന്ന് കണ്ടെത്തിയത്. സ്വകാര്യ വ്യക്തികളുടേയോ സംഘടനകളുടേയോ ആതിഥ്യം സ്വീകരിക്കുന്നുണ്ടെങ്കില്‍ ഫോറിന്‍ കറന്‍സി റെഗുലേഷന്‍ അക്ട് അനുസരിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയും തേടേണ്ടതായിട്ടുണ്ട്.
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചില്ലെങ്കിലും മന്ത്രിമാര്‍ക്ക് വിദേശത്ത് പോകാവുന്നതാണ്. പക്ഷെ അവര്‍ക്ക് നയതന്ത്ര പരിരക്ഷ ലഭിക്കുകയില്ല. നിലവിലെ തീരുമാനമനുസരിച്ച് മുഖ്യമന്ത്രി 17-ാം തീയതി യുഎഇയില്‍ എത്തും. ഔദ്യോഗിക കൂടികാഴ്ചകള്‍ നടത്തരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post