പിറവം പള്ളിക്കേസില്‍ സുപ്രീം കോടതിയുടെ വിധി നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്സ് സഭ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. ഫാ. സ്‌കറിയ വട്ടക്കാട്ടിലാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ കാണിക്കുന്ന വേഗത മലങ്കര വിഷയത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കാന്‍ കാണിക്കുന്നില്ലായെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ വിമര്‍ശനം. ചീഫ് സെക്രട്ടറി ടോം ജോസിനെ പ്രതിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
1934ലെ ഭരണഘടന പ്രകാരം മലങ്കര സഭയുടെ പള്ളികള്‍ ഭരിക്കപ്പെടണമെന്നായിരുന്നു 2017ല്‍ സുപ്രീം കോടതിയുടെ വിധി. എന്നാല്‍ ഈ വിധി നടപ്പാക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നുവെന്ന് ഓര്‍ത്തഡോക്സ് സഭ പരാമര്‍ശിച്ചു. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ചു സുപ്രീം കോടതിയില്‍നിന്ന് ഉത്തരവുണ്ടായപ്പോള്‍തന്നെ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പറഞ്ഞിരുന്നു.
ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ വിധി നടപ്പാക്കാത്തതിന് പിന്നിലുള്ള വോട്ട് ബാങ്ക് രാഷ്ട്രീയം സഭാവിശ്വാസികള്‍ തിരിച്ചറിയുമെന്നും സഭാകേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മലങ്കര വിഷയത്തിലെ സുപ്രീം കോടതി വിധി ഉടന്‍ നടപ്പാക്കുമെന്ന സൂചനയായിരുന്നു പിണറായി സര്‍ക്കാര്‍ നല്‍കിയതെന്നും തിരഞ്ഞെടുപ്പിന് ശേഷം അവര്‍ മൗനം പാലിക്കുകയാണെന്നും സഭ കുറ്റപ്പെടുത്തി.
Discussion about this post