ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് പ്രവേശിക്കാന്‍ ശ്രമിച്ച ‘കിസ് ഓഫ് ലവ്’ പ്രവര്‍ത്തക ശബരിമല തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. തന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ഇത്തരം മാനസികാവസ്ഥയിലുള്ളവര്‍ അവിടെയുള്ളിടത്തോളം കാലം താന്‍ ശബരിമലയിലേക്കില്ലെന്നും രെഹനാ ഫാത്തിമ പറഞ്ഞു.
ശബരിമലയില്‍ കയറാന്‍ ശ്രമിച്ച രെഹനായെ കവിതയും പിന്നീട് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. യുവതികള്‍ സന്നിധാനത്തെത്തിയാല്‍ നട അടച്ച് താക്കോല്‍ പന്തളം രാജകുടുംബത്തിന് നല്‍കുമെന്ന് തന്ത്രി കണ്ഠര് രാജീവര് അറിയിച്ചിരുന്നു. ഭക്തരുടെ പ്രതിഷേധവും പരികര്‍മ്മികളുടെ പ്രതിഷേധവും കണക്കിലെടുത്ത് മലകയറാന്‍ ശ്രമിച്ച യുവതികളോട് തിരിച്ചിറങ്ങാന്‍ പോലീസ് ഉപദേശിക്കുകയായിരുന്നു.
താന്‍ ആക്ടിവസം തെളിയിക്കാന്‍ വേണ്ടിയല്ല ശബരിമലയിലേക്ക് പോയതെന്നും രെഹനാ പറഞ്ഞു. യുവതികള്‍ കയറുന്നത് അശുദ്ധിയാണെന്ന തന്ത്രിയുടെ നിലപാടിനെ രെഹനാ വിമര്‍ശിച്ചിരുന്നു. ശബരിമല കയറുന്നതിന് മുമ്പ് കളക്ടര്‍ നൂഹിനെയും ഐ.ജി മനോജ് എബ്രഹാമിനെയും താന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് രെഹനാ വ്യക്തമാക്കി. സുരക്ഷ നല്‍കുമെന്ന ഉറപ്പിലാണ് താന്‍ പമ്പയിലേക്കെത്തിയതെന്നും അവര്‍ പറഞ്ഞു.
അതേസമയം ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനുമായി തനിക്ക് ബന്ധമില്ലെന്ന് അവര്‍ വ്യക്തമാക്കി. മാധ്യമങ്ങളിലൂടെ മാത്രമെ അദ്ദേഹത്തെ കണ്ടിട്ടുള്ളൂവെന്നും രണ്ട് വര്‍ഷം മുന്‍പ് സുരേന്ദ്രന് ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ തന്നെ ടാഗ് ചെയ്തത് പരിചയത്തിന്റെ പേരിലല്ലെന്നും അവര്‍ പറഞ്ഞു. അറിഞ്ഞുകൊണ്ട് കെ.സുരേന്ദ്രന് തന്നെ ടാഗ് ചെയ്തുവെന്ന് വിശ്വസിക്കുന്നില്ലെന്നും രെഹനാ പറഞ്ഞു.
Discussion about this post