ശബരിമലയില്‍ യുവതി പ്രവേശന വിഷയം സംബന്ധിച്ച സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച രഹസ്യ സംഘം കേരളത്തിലെത്തി. യുവതി പ്രവേശനത്തിനെതിരെയുള്ള പ്രതിഷേധം, ക്രമസമാധാന പ്രശ്‌നങ്ങള്‍ തുടങ്ങിയവ ഈ സംഘം പരിശോധിക്കുന്നതായിരിക്കും.
ഒക്ടോബര്‍ 26 രാത്രിയോടെയാണ് ഈ സംഘം കോട്ടയത്ത് എത്തിയത്. ഇന്ന് ഇവര്‍ എരുമേലി വഴി പമ്പയില്‍ എത്തുന്നതായിരിക്കും. തുടര്‍ന്ന് ഇവര്‍ സന്നിധാനത്തെത്തി വിവരങ്ങള്‍ ശേഖരിക്കുന്നതായിരിക്കും.
കേന്ദ്ര സര്‍ക്കാരിലെ മുതിര്‍ന്ന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. വിവിധ വകുപ്പുകളിലെ പത്തോളം ഉദ്യോഗസ്ഥര്‍ ഈ സംഘത്തിലുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാന്‍ വേണ്ടി പിണറായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള നടപടിക്രമങ്ങള്‍, കലാപ സാധ്യത തുടങ്ങിയവയെക്കുറിച്ചും സംഘം പരിശോധിക്കും. പരിശോധന നടത്തിയതിന് ശേഷം സംഘം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് സൂചന. ഭക്തജനങ്ങള്‍ ഈ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രതീക്ഷയോടെയാണ് ഉറ്റ് നോക്കുന്നത്.
അതേസമയം ശബരിമലയിലെ വനഭൂമി ദുരുപയോഗം ചെയ്യപ്പെട്ടു എന്ന പരാതി അന്വേഷിക്കാന്‍ കേന്ദ്രത്തിന്റെ ഉന്നതാധികാരസമിതിയും കേരളത്തിലേക്ക് വരുന്നുണ്ട്. എരുമേലി, പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലായിരിക്കും സമിതി പരിശോധന നടത്തുക.
മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് കൊണ്ട് നിര്‍മ്മാണങ്ങള്‍ നടത്തിയെന്ന പരാതിയും സമിതി അന്വേഷിക്കുന്നതായിരിക്കും. നേരത്തെ സന്നിധാനത്ത് മൂന്ന് നിര്‍മാണങ്ങള്‍ മാസ്റ്റര്‍പ്ലാന്‍ മറികടന്നാണെന്ന് കണ്ടെത്തിയിരുന്നു. ചെയര്‍മാന്‍ പി.വി.ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശോധന നടത്തുക.
പ്രളയത്തിന് ശേഷം ഇതാദ്യമായാണ് ഉന്നതാധികാര സമിതി പരിശോധന നടത്താനെത്തുന്നത്. മണ്ഡലകാലത്തിന് മുന്നോടിയായി പമ്പയിലും സന്നിധാനത്തുമുള്‍പ്പെടെ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള നീക്കത്തിന്റ ഭാഗമാണ് പരിശോധന.
അതേസമയം ദേവസ്വം ബോര്‍ഡ് ഇന്ന് വൈകിട്ട് ശബരിമലയില്‍ യോഗം ചേരുന്നതായിരിക്കും.
Discussion about this post