ആരാധനലായങ്ങളില്‍ പ്രായമതഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്, ജസ്റ്റിസ് വി.കെ. റാവു എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയില്‍ പറയുന്ന ആരാധനാലയങ്ങള്‍ തങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
ക്ഷേത്രങ്ങളിലും മുസ്ലിം പള്ളികളിലും പാഴ്സികളുടെ ആരാധനാലയങ്ങളിലും പ്രായമതഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നായിരുന്നു ഹര്‍ജി. അഭിഭാഷകനായ സഞ്ജീവ് കുമാറാണ് ഹര്‍ജി നല്‍കിയത്. ആര്‍ത്തവ കാലങ്ങളിലും സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിക്കുക എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ പൂജാരി, ഇമാം, വികാരി എന്നീ സ്ഥാനങ്ങളിലേക്ക് സ്ത്രീകളെയും നിയമിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ആറ്റുകാല്‍, ചക്കുളത്തുകാവ് ക്ഷേത്രങ്ങളില്‍ പുരുഷന്മാര്ക്കും പ്രവേശനം നല്‍കണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ടായിരുന്നു.
ആര്‍ത്തവ സമയത്തു വ്രതമനുഷ്ഠിക്കാനും പ്രാര്‍ഥിക്കാനും മുസ്ലിം സ്ത്രീകള്‍ക്ക് അനുവാദമില്ലാത്തതിനെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കുക, ആര്‍ത്തവ കാലത്തു ഹിന്ദു സ്ത്രീകള്‍ക്ക് അടുക്കളയില്‍ കയറാനും പ്രാര്‍ഥിക്കാനും അനുവാദം നല്‍കുക എന്നീ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.
Discussion about this post