ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിൽ ബിജെപിയുടെ കരുത്തുറ്റ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ നേതാവ് , തെരഞ്ഞെടുപ്പ് ഗോദയിൽ പരാജയമറിയാത്ത മികച്ച സംഘാടകൻ , ചെറിയ പ്രായത്തിൽ തന്നെ കേന്ദ്രമന്ത്രി , മികച്ച ഭരണതന്ത്രജ്ഞൻ , അകാലത്തിൽ അന്തരിച്ച കേന്ദ്രമന്ത്രി അനന്ത് കുമാറിന് വിശേഷണങ്ങൾ ഏറെയാണ്.
1959 ജൂലൈ 22 ന് ബംഗളൂരുവിൽ നാരായണ ശാസ്ത്രിയുടേയും ഗിരിജയുടേയും മകനായി ജനനം. ചെറുപ്പ കാലത്ത് തന്നെ ആർ.എസ്.എസ് ശാഖയിലൂടെ സാമൂഹ്യ സേവനത്തിനിറങ്ങിയ അനന്ത് കുമാർ എബിവിപിയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയ രംഗത്തേക്ക് കടന്നു. നിയമ ബിരുദ ധാരിയായ അദ്ദേഹം പിന്നീട് എബിവിപി സംസ്ഥാന സെക്രട്ടറിയായി. പിന്നീട് ദേശീയ സെക്രട്ടറിയുമായി. അടിയന്തരാവസ്ഥക്കാലത്ത് ജയിൽ ശിക്ഷ അനുഭവിച്ചു.
ബംഗളൂരു സൗത്ത് പാർലമെന്റ് മണ്ഡലത്തെ ബിജെപിയുടെ ശക്തികേന്ദ്രമാക്കി മാറ്റിയ അനന്ത് കുമാർ 1996 ലാണ് ആദ്യമായി ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത് . പിന്നീട് നടന്ന എല്ലാ തെരഞ്ഞെടുപ്പിലും അദ്ദേഹം വിജയിച്ചു. മണ്ഡലത്തിലെ ഓരോ പ്രവർത്തകനേയും വ്യക്തിപരമായി അറിയുന്ന വിധത്തിലായിരുന്നു പ്രവർത്തനം.
വാജ്പേയി മന്ത്രിസഭയിൽ അംഗമാകുമ്പോൾ 39 വയസ്സായിരുന്നു പ്രായം. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമായിരുന്നു.2014 ൽ ഇൻഫോസിസ് സ്ഥാപകൻ നന്ദൻ നിലെകാനിയെ പരാജയപ്പെടുത്തിയാണ് ലോക്സഭയിൽ എത്തുന്നത്.
ജന ഔഷധി കേന്ദ്രങ്ങൾ രാജ്യവാപകമാക്കുന്നതിലും ഹൃദയ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സ്റ്റെന്റുകളുടെ വില 85 ശതമാനം കുറയ്ക്കുന്നതിലും പ്രധാന തീരുമാനമെടുത്തു. കാൽമുട്ട് മാറ്റിവെക്കൽ ചെലവു കുറഞ്ഞതാക്കി രോഗികൾക്ക് ആശ്വാസം നൽകി. സബ്സിഡി ഉള്ള യൂറിയ കർഷകർക്ക് മാത്രമായി പരിമിതപ്പെടുത്തിയതിനു പിന്നിലും അനന്തകുമാറായിരുന്നു.
അനന്തകുമാറിന്റെ മരണം കർണാടകയിൽ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിലും ബിജെപിക്ക് തീരാനഷ്ടമാകുമെന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഏറ്റവും ആവശ്യമാകുന്ന ഒരു കാലഘട്ടത്തിലാണ് മരണമെന്നത് പാർട്ടിക്ക് തിരിച്ചടിയാണ്.
രാഷ്ട്രപതി രാം നാഥ് കോവിന്ദ് , പ്രധാനമന്ത്രി നരേന്ദ്രമോദി , ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ എന്നിവർ അനന്ത് കുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Discussion about this post