ന്യൂഡൽഹി : രാജ്യത്തെ കർഷകർക്ക് വലിയ ആശ്വാസവുമായി മോദി സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങളാണ് ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയാണ് കർഷകർക്ക് ഏറെ ഉപകാരപ്രദമായ തീരുമാനങ്ങൾ കൈക്കൊണ്ടത്. 2025-26 ലെ ഖാരിഫ് സീസണിലേക്ക് 2.07 ലക്ഷം കോടി രൂപയുടെ മിനിമം താങ്ങുവില (എംഎസ്പി) പാക്കേജിന് ആണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്.
കഴിഞ്ഞ 10-11 വർഷത്തിനിടെ ഖാരിഫ് വിളകളുടെ എംഎസ്‌പിയിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഇതുകൂടാതെ ഇപ്പോൾ 14 ഖാരിഫ് വിളകളുടെ മിനിമം താങ്ങുവിലയിൽ വർദ്ധനവ് വരുത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. നെല്ലിന്റെ ഏറ്റവും കുറഞ്ഞ താങ്ങുവില (എംഎസ്‌പി) ക്വിന്റലിന് 69 രൂപ വർദ്ധിപ്പിച്ച് 2,369 രൂപയാക്കാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഏറ്റവും ഉയർന്ന മിനിമം താങ്ങുവില വർദ്ധനവിനായി കേന്ദ്രമന്ത്രിസഭായോഗം ശുപാർശ ചെയ്തിരിക്കുന്നത് രാംതിൽ, റാഗി, പരുത്തി, എള്ള് എന്നിവയ്ക്കാണ്. തുവരയുടെ ഏറ്റവും കുറഞ്ഞ താങ്ങുവില ക്വിന്റലിന് 450 രൂപ വർദ്ധിപ്പിച്ച് 8,000 രൂപയാക്കി, ഉഴുന്ന് ക്വിന്റലിന് 400 രൂപ വർദ്ധിപ്പിച്ച് 7,800 രൂപയാക്കി, ചെറുപയർ 86 രൂപ വർദ്ധിപ്പിച്ച് 8,768 രൂപയാക്കി ഉയർത്താനും കേന്ദ്രമന്ത്രിസഭായോഗം തീരുമാനമെടുത്തു.
എംഎസ്പി വർദ്ധനവ് കൂടാതെ കർഷകർക്കുള്ള പലിശ സബ്‌സിഡി പദ്ധതിക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയതായി അശ്വിനി വൈഷ്ണവ് അറിയിച്ചു. കൃഷിക്കായുള്ള മൂലധനം ഉറപ്പാക്കുന്നതിനുള്ള കിസാൻ ക്രെഡിറ്റ് കാർഡ് രാജ്യത്ത് അവതരിപ്പിച്ചത് അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ്. കൃഷിക്കുള്ള മൂലധനമായി കർഷകർക്ക് 4% പലിശയ്ക്ക് 2 ലക്ഷം രൂപ വരെ വായ്പ ഉറപ്പു നൽകുന്നതാണ് കേന്ദ്രസർക്കാരിന്റെ പലിശ സബ്‌സിഡി പദ്ധതി.
Discussion about this post