ജാതി മത സാമുദായിക വോട്ടുകള്‍ ഗതി നിര്‍ണയിക്കുന്ന അരുവിക്കരയില്‍ മുന്നണികളുടെ ഉറക്കം കളയുകയാണ് എസ്എന്‍ഡിപി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മനസ്സിലിരുപ്പ് എന്താണെന്ന് അറിയാന്‍ രാഷ്ട്രീയ കണിയാനെ കണ്ടിട്ടും കാര്യമില്ലെന്നിരിക്കെ ഉറക്കമിഴച്ചു കാത്തിരിക്കുകയാണ് ഇടത് വലത് മുന്നണികള്‍
തെരഞ്ഞെടുപ്പിന് മുന്‍പ് സെന്‍കുമാറിനെ പോലിസ് മേധാവിയാക്കണം തുടങ്ങി എസ്എന്‍ഡിപി മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കി ‘ചതിക്കല്ലേ’ എന്ന പ്രാര്‍ത്ഥനയോടെ ഒറ്റയിരിപ്പാണ് യൂഡിഎഫ്. വെള്ളാപ്പള്ളിയെ പ്രീണിപ്പിക്കാന്‍ ഇനിയം എന്തൊക്കെ ചെയ്യണം അതിനെല്ലാം തയ്യാര്‍ എന്ന എഴുത്തോലയുമായി യുഡിഎഫ് ദൂതന്മാര്‍ എസ്എന്‍ഡിപി ആസ്ഥാനത്ത് കാത്ത് കെട്ടികിടപ്പുണ്ട്. എസ്എന്‍ കോളേജില്‍ മുടങ്ങി കിടക്കുന്ന അധ്യപകനിയമനം ഉള്‍പ്പടെ വെള്ളാപ്പള്ളി പറയാതെ മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങള്‍ പലതുണ്ട് യുഡിഎഫിന് മുന്നില്‍. ഇനി അതെല്ലാം നടത്തി കൊടുത്താലും ഇപ്പോഴത്തെ സാഹചര്യത്തില്‍ മേപ്പടിയാന്‍ കനിയാനുള്ള സാധ്യത കുറവാണെന്നാണ് പലരുടെയും വിലയിരുത്തല്‍. ശബരിനാഥന്‍ വെള്ളാപ്പള്ളിയെ കണ്ടെങ്കിലും
ഈഴവരെ യുഡിഎഫ് അവഗണിയ്ക്കുന്നു, അരുവിക്കരയില്‍ തിരിച്ചടി നല്‍കും എന്നെല്ലാം പറഞ്ഞ് യുഡിഎഫിനെ വിയര്‍പ്പിക്കുകയാണ് വെള്ളാപ്പള്ളി നടേശന്‍. വെള്ളാപ്പള്ളിയുടെ ഇത്തരത്തിലുള്ള ഓരോ പ്രസ്താവനകളും ഇടതിന് നല്‍കിയിരുന്നത് വലിയ പ്രതീക്ഷകളാണ്. ഇനിയും ഉമ്മന്‍ചാണ്ടിയുടെ പിറകെ നടക്കില്ലെന്ന എസ്എന്‍ഡിപിയുടെ നിലപാട് ഇടതിന് അനുകൂലമാകുമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍.
എന്നാല്‍ ഒ രാജഗോപാല്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായതോടെ ഇടത് മുന്നണിയ്ക്ക് ആശങ്കയായി. എസ്എന്‍ഡിപി വോട്ടുകള്‍ ഇത്തവണ ബിജെപിയ്ക്ക് നല്‍കുമോ എന്നതാണ് ഇടത് മുന്നണിയെ അലട്ടുന്നത്.
ബിജെപിയ്ക്ക് അയിത്തമില്ലെന്നും, എന്തിനാണ് ബിജെപിയെ അകറ്റി നിര്‍ത്തുന്നത് എന്നുമുള്ള വെള്ളാപ്പള്ളിയുടെ ചോദ്യങ്ങള്‍ ഇടിത്തീ പോലെയാണ് ഇടത് മുന്നണി കേട്ടത്.
ഈയിടെ ഹൈന്ദവ സംഘടനകളോട് കടുത്ത ആഭിമുഖം പുലര്‍ത്തുന്ന വെള്ളാപ്പള്ളി ഒരു പക്ഷേ ബിജെപിയ്ക്ക് വോട്ട് ചെയ്യാന്‍ പരസ്യമായി ആഹ്വാനം ചെയ്താലും അത്ഭുതപ്പെടാനില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷണം.
എസ്എന്‍ഡിപി അത്തരമൊരു പരസ്യനിലപാടെടുത്താല്‍ ജയിച്ച് കയറാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. എസ്എന്‍ഡിപി വോട്ടുകളും ഒപ്പം എന്‍എസ്എസ് വോട്ടുകളില്‍ ഭൂരിപക്ഷവും കൈക്കലാക്കിയാല്‍ കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയ ഭരണനേട്ടങ്ങള്‍ നിഷ്പക്ഷ വോട്ടുകള്‍ റാഞ്ചിയാല്‍ വിജയിച്ച് കയറാമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ പുലര്‍ത്തുന്ന ആത്മവിശ്വാസം. പി.സി ജോര്‍ജ്ജിന്റെ അഴിമതി വിരുദ്ധ മുന്നണി നാടാര്‍ വോട്ടുകള്‍ കൂടുതല്‍ പിടിച്ചാല്‍ അതും യുഡിഎഫ്, വോട്ടുകള്‍ കുറയ്ക്കാനിടയാകുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. പ്രചരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ തന്നെ രാജഗോപാലിന് ഏരെ മുന്നോട്ട് പോകാനായി എന്നാണ് ബിജെപി കേന്ദ്രങ്ങളുടെ അവകാശവാദം.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എസ്എന്‍ഡിപി അരുവിക്കരയില്‍ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും. അതുവരെ അരുവിക്കരയില്‍ പ്രധാനസ്ഥാനാര്‍ത്ഥികള്‍ക്കും അണികള്‍ക്കും ഉറക്കിമില്ലാത്ത രാവുകളാകുമെന്നുറപ്പ്.
Discussion about this post