പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്പൂര്‍ണ്ണ വൈദ്യൂതീകരണം എന്ന പദ്ധതി ലോകം കണ്ട ഏറ്റവും മികച്ച വിജയ മാതൃകകളില്‍ ഒന്നാണെന്ന് രാജ്യാന്തര ഊര്‍ജ്ജ നിരീക്ഷണ സംഘടനയായ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐ.ഇ.എ). വൈദ്യുതി എല്ലാവര്ക്കും എത്തിക്കുക എന്നത് ഒരു പ്രധാന നാഴികക്കല്ലാണെന്നും പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2019 മാര്‍ച്ച് 31നകം രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുക എന്നതാണ് 16,000 കോടി രൂപയുടെ ‘സൗഭാഗ്യ’ പദ്ധതിയുടെ ലക്ഷ്യം. 2017ലായിരുന്നു ഈ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചത്. പാവങ്ങള്‍ക്ക് സൗജന്യമായാണ് വൈദ്യുതി എത്തിക്കുക.
എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തിന് മുന്നോടിയായാണ് എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുക എന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ വികസ്വര രാജ്യങ്ങളില്‍ 2000ത്തിന് ശേഷം 900 ദശലക്ഷം ആളുകള്‍ക്കാണ് വൈദ്യുതി ലഭിച്ചിട്ടുള്ളത്. 2000ത്തില്‍ മേഖലയിലെ 67 ശതമാനം സ്ഥലങ്ങള്‍ക്കാണ് വൈദ്യുതി ലഭിച്ചത്. 2017ല്‍ മേഖലയിലെ 91 ശതമാനം സ്ഥലങ്ങള്‍ക്കും വൈദ്യുതി ലഭിച്ചു. ഇൗ പുരോഗതിയുടെ 61 ശതമാനവും നടന്നിട്ടുള്ളത് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുക എന്ന പ്രഥമ ലക്ഷ്യം എളുപ്പത്തില്‍ പൂര്‍ത്തീകരിച്ചെങ്കിലും രണ്ടാം ഘട്ടമായ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കുക അത്ര എളുപ്പമായിരിക്കില്ലെന്നും ഐ.ഇ.എ റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം പാവപ്പെട്ടവരുടെ വീടുകളില്‍ പാചകവാതകം എത്തിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതിയായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയെയും ഐ.ഇ.എ പ്രശംസിച്ചു. 2015ന് ശേഷം 50 ദശലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പാചകവാതക കണക്ഷന് ഈ പദ്ധതിയിലൂടെ ലഭിച്ചു. 2020 ആകുമ്പോഴേക്കും 80 ദശലക്ഷം കുടുംബങ്ങളില്‍ പാചകവാതകം എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Discussion about this post