കൊൽക്കത്ത : പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിന് ക്രമസമാധാന പരിപാലനത്തിൽ വൻ വീഴ്ച ഉണ്ടായതായി റിപ്പോർട്ട്. ചികിത്സയ്ക്കായി ബംഗാളിൽ എത്തിയിരുന്ന ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ടതായി സൂചന. മെയ് 12ന് ചികിത്സയ്ക്കായി ബംഗാളിൽ എത്തിയിരുന്ന ബംഗ്ലാദേശിലെ ഭരണകക്ഷി എംപിയായ അൻവാറുൾ അസീം കൊല്ലപ്പെട്ടതായി സൂചന ലഭിച്ചതായി ബംഗ്ലാദേശ് ഭരണകൂടം വ്യക്തമാക്കി.
മെയ് 12ന് ആയിരുന്നു ചികിത്സാ ആവശ്യങ്ങൾക്കായി അൻവാറുൾ അസീം പശ്ചിമബംഗാളിലേക്ക് എത്തിയിരുന്നത്. തുടർന്ന് ഇദ്ദേഹത്തെ കാണാതായെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് മെയ് 18ന് കൊൽക്കത്ത പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊൽക്കത്ത നഗരത്തിലെ ന്യൂ ടൗൺ ഏരിയക്ക് സമീപമായിരുന്നു ഇദ്ദേഹത്തിന്റെ അവസാന ലൊക്കേഷൻ കണ്ടെത്തിയിരുന്നത്.
എന്നാൽ കൊൽക്കത്ത പോലീസ് നടത്തിയ തുടരന്വേഷണത്തിൽ കാര്യമായ സൂചനകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. ഇതിനിടെ അൻവാറുൾ അസീമിനെ കൊൽക്കത്തയിൽ വെച്ച് താൻ കൊലപ്പെടുത്തി എന്ന് വ്യക്തമാക്കിക്കൊണ്ട് ബംഗ്ലാദേശിൽ ഒരാൾ പോലീസിൽ കീഴടങ്ങിയിരുന്നു. അൻവാറുൾ അസിം കൊല്ലപ്പെട്ടു എന്ന് ബംഗ്ലാദേശ് സർക്കാർ പ്രഖ്യാപിച്ചെങ്കിലും കൊൽക്കത്ത പോലീസിന് ഇതുവരെ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കാനോ മൃതദേഹം കണ്ടെത്താനോ കഴിഞ്ഞിട്ടില്ല.
Discussion about this post