ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐ.എന്‍.എല്‍.ഡി) പാര്‍ട്ടിയില്‍ നിന്നും നേതാവായ അജയ്സിംഗ് ചൗട്ടാലയെ പിതാവായ ഓം പ്രകാശ് ചൗട്ടാല പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് അജയ്സിംഗ് ചൗട്ടാലയെ പുറത്താക്കിയത്.
പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ അശോക് അറോറയാണ് അജയ്സിംഗ് ചൗട്ടാലയെ പുറത്താക്കിതായി പ്രഖ്യാപിച്ചത്. നിലവില്‍ ഓം പ്രകാശ് ചൗട്ടാലയും മകന് അജയ്സിംഗ് ചൗട്ടാലയും ജയില്‍ ശിക്ഷയനുഭവിക്കുകയാണ്. അഴിമതിയാരോപണങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇരുവരും ജയില്‍ ശിക്ഷയനുഭവിക്കുന്നത്. ഓം പ്രകാശ് ചൗട്ടാലയുടെ ഇളയ മകനായ അഭയ്സിംഗ് ചൗട്ടാലയാണ് പാര്‍ട്ടികാര്യങ്ങള്‍ നോക്കിനടത്തുന്നത്.
ഇതിന് മുമ്പും പാര്‍ട്ടിയില്‍ വിഭാഗീയത നിലനിന്നിരുന്നു. ഓം പ്രകാശ് ചൗട്ടാല അജയ്സിംഗ് ചൗട്ടാലയെ പുറത്താക്കിക്കൊണ്ട് ജയിലില്‍ നിന്ന് അയച്ച കത്ത് വായിക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് അശോക് അറോറ പറയുന്നു. എന്നാല്‍ കത്ത് വ്യാജമാണെന്ന് അജയ്സിംഗിന്റെ മക്കളായ ദുഷ്യന്ത് ചൗട്ടാലയും ദിഗ്വിജയ് ചൗട്ടാലയും ആരോപിക്കുന്നു. ഇവര്‍ രണ്ട് പേരെയും നവംബര്‍ രണ്ടിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
Discussion about this post