ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാളെ പാര്‍ട്ടി അധ്യക്ഷനായി നിയമിക്കാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് കൊല്ലത്തേക്ക് ഗാന്ധി കുടുംബാംഗമല്ലാത്തയൊരാളെ പാര്‍ട്ടിയുടെ അധ്യക്ഷനായി നിയമിച്ചാല്‍ നെഹ്രു ജി സ്ഥാപിച്ചത് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്ന് താന്‍ സമ്മതിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢിലെ അംബികാപൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംസാരിക്കുകയായിരുന്നു മോദി.
തങ്ങളുടെ കുടുംബത്തിന് പുറത്തുള്ളയൊരാളെ കോണ്‍ഗ്രസിന് ഒരു അധികാര പദവിയില്‍ സങ്കല്പ്പിക്കാന് സാധിക്കുന്നില്ലെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ നേരിടുന്ന തോല്‍വികളും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും മോദി പറഞ്ഞു. കൂടാതെ താനാണ് രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയെന്ന കാര്യവും കോണ്‍ഗ്രസിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും മോദി പറഞ്ഞു.
‘ഞാനാണ് രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയെന്ന് കാര്യം ഇപ്പോഴും കോണ്‍ഗ്രസിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. ഏകദേശം നാലരക്കൊല്ലമായി ഞാന്‍ പ്രധാനമന്ത്രിയാണ്. ഒരു ചായക്കടക്കാരന് എങ്ങനെ പ്രധാനമന്ത്രിയാകും എന്നാണ് അവര്‍ ഇപ്പോഴും ചോദിക്കുന്ന ചോദ്യം,’ മോദി പറഞ്ഞു.
അതേസമയം ഛത്തീസ്ഗഢില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ നല്ല പോളിംഗ് കാഴ്ചവെച്ച ജനങ്ങളെ മോദി അഭിനന്ദിക്കാനും മറന്നില്ല. ബസ്തര്‍ പോലുള്ള നക്സല്‍ ബാധിത പ്രദേശങ്ങളിലും ജനങ്ങള്‍ വലിയ തോതില്‍ വോട്ട് രേഖപ്പെടുത്തിയത് ജനാധിപത്യത്തിന്റെ ശക്തിയെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ഈ പ്രവര്‍ത്തനം തുടരണമെന്നും വികനസനത്തിനെതിര് നില്‍ക്കുന്നവരെ അകറ്റി നിര്‍ത്തണമെന്നും മോദി പറഞ്ഞു.
നവംബര്‍ 20നാണ് ഛത്തീസ്ഗഢില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post