സന്നിധാനം: മണ്ഡലകാലം ആരംഭിച്ച് ആദ്യ ഞായറാഴ്ചയായിട്ടും സന്നിധാനത്തും നിലയ്ക്കള് ഉള്‍പ്പെടയുള്ള മേഖലകളിലും ഭക്തരുടെ തിരക്കില്ല. വരിനില്‍ക്കാതെ പതിനെട്ടാംപടി ചവിട്ടാമെന്ന തലത്തില്‍ മണ്ഡല സീസണില്‍ ഇതുവരെയില്ലാത്ത വിധത്തിലുള്ള ഭക്തരുടെ എണ്ണക്കുറവാണ് അനുഭവപ്പെടുന്നത്. എത്തുന്ന തീര്‍ഥാടകരില്‍ അധികവും അന്യസംസ്ഥാനക്കാരാണ്. മലയാളികള്‍ കുറവാണ്.
ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീം കോടതി വിധിയെത്തുടര്‍ന്നുള്ള സംഭവവികാസങ്ങളും കുടിവെള്ളം ഉള്‍പ്പടെ അടിസ്ഥാന സൗകര്യമില്ലാത്തതുമാണ് മലയാളി തീര്‍ഥാടകരെ ശബരിമലയിലേക്കു വരുന്നതില്‍നിന്നു പിന്തിരിപ്പിക്കുന്നതെന്നാണ് കരുതുന്നത്. രാത്രിയില്‍ സന്നിധാനത്ത് തങ്ങനാവില്ല എന്ന പോലിസ് നിയന്ത്രണം നീങ്ങിയ ശേഷം മലചവിട്ടാം എന്ന് കരുതുന്നവരും കുറവല്ല . അതേസമയം, പൊലീസ് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ല. കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും റിപ്പോര്‍ട്ടിങ്ങിനായി പ്രദേശത്തേക്കു കടക്കണമെങ്കില്‍ പാസ് വാങ്ങിക്കണം. എന്നാല്‍ ഇന്നു രാവിലെ ഒരു മാധ്യമത്തിന്റെ വാഹനം പാസില്ലാതെ കടത്തിവിട്ടതിനെത്തുടര്ന്ന് മറ്റു മാധ്യമപ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാഗ്വാദം നടന്നു. തുടര്‍ന്ന് പൊലീസ് കടന്നുപോയ വാഹനത്തെ തിരിച്ചുവിളിക്കുമെന്ന് അറിയിച്ചു.
അതേസമയം, വിലക്ക് ലംഘിച്ച് ശബരിമലയില്‍ പ്രവേശിക്കാനൊരുങ്ങിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ രാവിലെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണു റിമാന്‍ഡ് ചെയ്തത്. ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ഇത് തുടര്‍ന്ന് ബിജെപി ദേശീയ പാതകള്‍ ഉപരോധിക്കുന്നുണ്ട്.
Discussion about this post