തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്ക് ഇന്നലെ മുഖ്യമന്ത്രിയാണ് തുടക്കം കുറിച്ചത്.
എന്നാൽ സപ്ലൈകോയിൽ ആഘോഷം ഗംഭീരമായി തുടരുമ്പോഴും അവശ്യസാധനങ്ങൾ ഒന്നും ലഭിക്കാനില്ലാത്ത അവസ്ഥയാണ്. അഞ്ചിൽ കൂടുതൽ സബ്‌സിഡി ഇനങ്ങൾ പലയിടത്തും കിട്ടാനില്ല. കുറച്ചു മാസങ്ങളായി മുളകും അരിയും ഉഴുന്നും ചെറുപയറും മാത്രമേ പലയിടത്തും കിട്ടാറുള്ളൂ. അത് പോലും ലഭിക്കാത്ത ഇടങ്ങളുമുണ്ട്. പഞ്ചസാര കണികാണാൻ പോലും കിട്ടാനില്ലെന്നാണ് ജനങ്ങളുടെ പരാതി. കഴിഞ്ഞ ഓണത്തിനുശേഷം വിൽപനശാലകൾ കാലിയായി തുടരുകയാണ്.
വലിയ സാമ്പത്തിക ബാധ്യതയിൽക്കുരുങ്ങി നിൽക്കുമ്പോഴാണ് ഒരു വർഷം നീളുന്ന ജൂബിലി ആഘോഷ പരിപാടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്ത് തുടക്കമിട്ടത്. 50 ഉൽപന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ്, ഹാപ്പി അവേഴ്‌സിലൂടെ ഉച്ചയ്ക്ക് രണ്ടുമുതൽ മൂന്നുമണി വരെ പ്രത്യേക വിലക്കുറവ്, 14 ജില്ലകളിലും സപ്ലൈകോയുടെ ‘സിഗ്‌നേച്ചർ മാർട്ടു’കൾ തുടങ്ങി പുതിയ പദ്ധതികളും കൂടെ പ്രഖ്യാപിച്ചിരുന്നു.
സപ്ലൈകോ ഹാപ്പി അവേഴ്‌സ് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതൽ മൂന്നു വരെ പൊതുജനങ്ങൾക്കു പ്രത്യേക വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനാകുമെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ സാധനങ്ങൾ ഒന്നും കിട്ടാനില്ലാതെ വലയുകയാണ് ജനം.
Discussion about this post