ശബരിമലയി യുവതി പ്രവേശന വിഷയത്തില്‍ കോടതിയലക്ഷ്യ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതില്‍ നിന്നും അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പിന്മാറി. നിലവില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ പുതിയ എ.ജിയായി ചുമതലപ്പെടുത്തി.
പിന്മാറാനുള്ള കാരണം കെ.കെ.വേണുഗോപാല്‍ അറിയിച്ചിട്ടില്ല. ഇതിന് മുന്‍പ് യുവതി പ്രവേശന വിധിയെ കെ.കെ.വേണുഗോപാല്‍ എതിര്‍ത്തിരുന്നു. ജനവികാരം മാനിക്കണം എന്നായിരുന്നു വിധിയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം.
അദ്ദേഹം അറ്റോര്‍ണി ജനറലാകുന്നതിന് മുന്‍പ് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായിരുന്നു. കൂടാതെ യുവതി പ്രവേശന വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് കോടതിയില്‍ വ്യക്തമാക്കേണ്ടി വന്നാല്‍ അറ്റോര്‍ണി ജനറലായിരിക്കും ഹാജരാകുക. ഇത് മൂലമായിരിക്കും അദ്ദേഹം കോടതിയലക്ഷ്യ അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതില്‍ നിന്നും പിന്മാറിയതെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള, തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജ കുടുംബാംഗം രാമരാജവര്‍മ്മ, ബി.ജെ.പി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, ചലച്ചിത്ര താരം കൊല്ലം തുളസി എന്നിവര്‍ക്കെതിരെയാണ് കോടതിയലക്ഷ്യ നടപടിക്കുള്ള അപേക്ഷ ലഭിച്ചിട്ടുള്ളത്. അഭിഭാഷകരായ ഡോ.ഗീനാകുമാരി, എ.വി.വര്‍ഷ എന്നിരാണ് എ.ജിയെ സമീപിച്ചത്.
Discussion about this post