നിലയ്ക്കല്‍: പേരക്കുട്ടിയുടെ ചോറൂണിനാണു സന്നിധാനത്തേക്ക് പോകുന്നതെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല പറഞ്ഞു. കുട്ടികള്‍ കൂടെയുള്ളതുകൊണ്ടാണു വിട്ടുവീഴ്ചയ്ക്കു തയാറായത്. താനിപ്പോള്‍ അച്ചമ്മയായിട്ടാണു മല കയറുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പൊലീസ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അംഗീകരിക്കാമെന്ന ഉറപ്പിലാണ് കെ.പി. ശശികല സന്നിധാനത്തേക്കു തിരിച്ചത്.
നിലയ്ക്കലില്‍ ശശികലയെ തടഞ്ഞ പൊലീസ് നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടിസ് വായിച്ചുകേള്‍പ്പിച്ചു. ആറുമണിക്കൂറില്‍ കൂടുതല്‍ സന്നിധാനത്തു തുടരാനാവില്ല, പ്രാര്‍ഥനായജ്ഞമോ പ്രതിഷേധമോ സംഘടിപ്പിക്കരുതു തുടങ്ങിയ നിര്‍ദേശങ്ങളാണു നോട്ടിസിലുണ്ടായിരുന്നത്. ഇത് ആദ്യം അംഗീകരിക്കില്ലെന്നു നിലപാടെടുത്ത ശശികല പിന്നീട് അംഗീകരിച്ചതായി ഒപ്പിട്ടു നല്കി. തുടര്‍ന്നാണു യാത്രയ്ക്ക് അനുമതി നല്‍കിയത്.
അതേസമയം, സന്നിധാനത്ത് നടപ്പന്തലില്‍ ഭക്തര്‍ നാമജപം നടത്തിയ അപ്രതീക്ഷ നീക്കം പോലിസിനെ അമ്പരപ്പിലാക്കിയിട്ടുണ്ട്. അത്തരം പ്രതിഷേധങ്ങള്‍ തുടരാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ നിയന്ത്രണം കടുപ്പിക്കുകയാണ് പൊലീസ്. തീര്‍ഥാടകരെ നിലയ്ക്കലില്‍നിന്നു കടത്തിവിടുന്നതിനു കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നിലയ്ക്കലില്‍നിന്നു പമ്പയിലേക്ക് 15 മിനിറ്റ് ഇടവേളയില്മാത്രമായിരിക്കും കെഎസ്ആര്‍ടിസി ബസ് കടത്തിവിടുക.
Discussion about this post