ശബരിമലയില്‍ ഇന്നും തിരക്കില്ല. മണ്ഡല സീസണില്‍ സാധാരണ ഉണ്ടാവാറുള്ള ഭക്തരുടെ പകുതി പോലും ഇത്തവണ ഇല്ല എന്നാണ് കണക്കുകള്‍. ഇന്നലെ നട തുറക്കുന്ന സമയത്ത് നൂറോളം പേരാണ് ദര്‍ശനത്തിനായി സന്നിധാനത്ത് ഉണ്ടായിരുന്നത്.
നിലയ്ക്കലില്‍ നിന്ന് എട്ട് മണിയ്ക്ക് ശേഷം അപ്രഖ്യാപിതമായി കെ.എസ് ആര്‍ടിസി ബസുകള്‍ ഓടുന്നത് പോലിസ് തടഞ്ഞു. കെഎസ്ആര്ടിസി ബസ് വിടാതെ സര്‍വ്വിസ് നടത്തണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം കാറ്റില്‍ പറത്തിയായിരുന്നു പോലിസ് നടപടി. ഇതോടെ നൂറ് കണക്കിന് കുട്ടികളും, സ്ത്രീകളും അടങ്ങുന്ന ഭക്തര്‍ നിലയ്ക്കലില്‍ കുടുങ്ങി. വിരിവെക്കാന്‍ പോലും നിലയ്ക്കലില്‍ സൗകര്യമില്ല എന്ന ആക്ഷേപം ഉയര്‍ന്നു.
സന്നിധാനത്തെ നടപ്പന്തലില്‍ വിരിവെക്കാന്‍ ഭക്തരെ അുവദിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശവും ഇന്നലെ നടപ്പായില്ല. നടപ്പന്തല്‍ പോലിസ് ക്യാമ്പായാണ് ഇന്നലെയും ഉപയോഗിച്ചത്. കുട്ടികളെയും, വയസ്സാവരെയും അംഗപരിമിതരെയും വിരിവെക്കാന്‍ അനുവദിക്കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നു. സന്നിധാനത്ത് പോലിസ് രാജാണെന്ന ആക്ഷേപമാണ് ശക്തമായി ഉയരുന്നത്.
ഇന്നലെ വാവര് നടയ്ക്ക് മുന്നില്‍ നാമജപം നടത്തിയ ഇരുപതോളം ഭക്തരെ അവിടെ നിന്ന് പോലിസ് മാറ്റിയിരുന്നു. സന്നിധാനത്ത് ശരണം വിളി നിരോധനമാണ് എന്നാണ് ഭക്തര്‍ പറയുന്നത്. ഇവരെ മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള ശുചിയില്ലാത്ത നടപ്പന്തലിലേക്ക് മാറ്റിയതും വിവാദമായി.
ശബരിമലയില്‍ തീര്‍ത്ഥാടകര്‍ എത്താതിരിക്കാനുള്ള ദുഷ്‌ലാക്കാണ് സര്‍ക്കാരിനെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും, ഇല്ലെങ്കില്‍ യുഡിഎഫ് നേതാക്കള്‍ അത് ലംഘിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Discussion about this post