കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയിലെ ജനങ്ങള്‍ക്ക് വാഴ വിത്തുകള്‍ നല്‍കിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധി നല്‍കിയ വാഴ വിത്തുകള്‍ വിദേശ ഇനത്തില്‍ പെട്ട വിത്തുകളാണെന്ന് സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ നിന്നുള്ള ഒരു വാഴ വിത്ത് പോലും രാഹുല്‍ ഗാന്ധിക്ക് കര്‍ഷര്‍ക്ക് നല്‍കാന്‍ സാധിച്ചില്ലെന്നും സ്മൃതി ഇറാനി ചൂണ്ടിക്കാട്ടി. ദാരിദ്ര്യം തുടച്ച് നീക്കാന്‍ വാഴകള്‍ വെച്ച് പിടിപ്പിച്ചിട്ട് കാര്യമില്ലെന്നും അവര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ 77 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
കോണ്‍ഗ്രസ് പാര്‍ട്ടി എന്നത് ഒരു കുടുംബത്തിന് വേണ്ടി മാത്രം സമര്‍പ്പിക്കപ്പെട്ട് പാര്‍ട്ടിയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന് രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ മടിയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. അമേഠിയെ പ്രതിനിധീകരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി 15 കൊല്ലമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇന്ന് വരെ ഒരു തൊഴില്‍മേള നടത്താന്‍ രാഹുലിനായിട്ടില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. എന്നാല്‍ ബി.ജെ.പി നടത്തിയ തൊഴില്‍മേളയിലൂടെ 7,500 യുവാക്കള്‍ക്കാണ് തൊഴില്‍ ലഭിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടി. 60 കൊല്ലമായി കോണ്‍ഗ്രസിന് കൊണ്ടുവരാന്‍ സാധിക്കാതിരുന്ന വികസന പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പി വെറും നാല് കൊല്ലം കൊണ്ട് ചെയ്തതെന്നും അവര്‍ വാദിച്ചു.
Discussion about this post