ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സി.പി.എ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി സംവാദത്തിനവസരം ലഭിച്ചത് ഒരു സുവര്‍ണ്ണാവസരമായി കാണുന്നുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. സംവാദം നടത്തുന്ന സ്ഥലം കോടിയേരി തന്നെ നിശ്ചയിക്കട്ടെയെന്നും ഒരു പൊതുവേദിയില്‍ എവിടെ വേണമെങ്കിലും താന്‍ സംവാദത്തിന് തയ്യാറാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ആശയപരമായി ശബരിമല വിഷയത്തില്‍ സംവാദത്തിന് ശ്രീധരന്‍ പിള്ള തയ്യാറാണോയെന്ന് മുന്‍പ് കോടിയേരി ബാലകൃഷ്ണന്‍ ചോദിക്കുകയായിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയ തെറ്റുതിരുത്തല്‍ പ്രമേയത്തില്‍ മതപരമായ കാര്യങ്ങളഇല്‍ നിന്നും അണികള്‍ വിട്ട് നില്‍ക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടുന്നു. എ.കെ.ഗോപാലന്റെ കാലത്തും നായനാരുടെ കാലത്തും ശബരിമലയെ എതിര്‍ക്കാനുള്ള ശ്രമങ്ങള്‍ സി.പി.എം നടത്തിയിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള പറയുന്നു.
അതേസമയം ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി. ഈ കേസുകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ സ്ഥിതിഗതികള്‍ ബി.ജെ.പിയുടെ അഖിലേന്ത്യാ നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ മുഴുവന്‍ ബി.ജെ.പി സംവിധാനവും കേരളത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന പ്രവര്‍ത്തകരോടൊപ്പമാണെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
ഇത് കൂടാതെ ആലപ്പുഴയില്‍ നിന്ന് ശബരിമലയ്ക്ക് പോയ പ്രദീപെന്ന വ്യക്തിയെയും പോലീസ് കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ടിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പ്രദീപിനെ കേസില്‍ നിന്നും മോചിതനാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ നാമം ജപിക്കാനെത്തുന്നവരെ കള്ളക്കേസില്‍ കുടുക്കുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ഇത് ചരിത്രത്തില്‍ കറുത്ത ലിപികളിലെഴുത്തപ്പെടുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. കേരളത്തില്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തേര്‍വാഴ്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒറീസയിലെ പുരി ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ അന്തിമ വിധി വന്നപ്പോള്‍ വിധി നടപ്പാക്കുമ്പോള്‍ ക്രമസമാധാനപ്രശ്നമുണ്ടാകുമെന്ന് കണ്ട് അത്തരം സ്ഥലങ്ങളില്‍ പോലീസ് ബൂട്ടിട്ട് കയറരുതെന്നും പോലീസ് രാജ് നടപ്പാക്കരുതെന്നും സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള ചൂണ്ടിക്കാട്ടി. സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്നത് കേരളത്തില്‍ ആവര്‍ത്തിക്കരുതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
Discussion about this post