ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ ദിവസം 52 വയസ്സുകാരിയായ ഭക്തയെ തടഞ്ഞ കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ ആവശ്യം റാന്നി കോടതി തള്ളുകയായിരുന്നു. നിലവില്‍ ഡിസംബര്‍ ആറാം തീയ്യതി വരെ സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. നാളെ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജാമ്യാപേക്ഷ പരിഗണിക്കുന്നതായിരിക്കും.
ശബരിമലയില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ സുരേന്ദ്രന് പങ്കില്ലെന്ന് സുരേന്ദ്രന്റെ വക്കീല്‍ വാദിച്ചു. നേരത്തെ തന്നെയുണ്ടായിരുന്ന ഒരു കേസില്‍ സുരേന്ദ്രന്റെ പേരുള്‍പ്പെടുത്തുക മാത്രമാണുണ്ടായതെന്നും വക്കീല്‍ ചൂണ്ടിക്കാട്ടി.
അതേസമയം ചില ആവശ്യങ്ങള്‍ സുരേന്ദ്രനും കോടതിക്ക് മുമ്പാകെ മുന്നോട്ട് വെച്ചിരുന്നു. തന്നെ കൊട്ടാരക്കര ജയിലില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നും തനിക്ക് ഭാര്യയെ വിളിക്കാനുള്ള അനുമതി നല്‍കണമെന്നും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ വൈദ്യ സേവനം ലഭ്യമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ നോക്കാമെന്ന് കോടതി വ്യക്തമാക്കി.
തന്നെ സി.പി.എമ്മിന്റെ ക്രിമിനലുകളുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കുറച്ച് നാള് താമസിപ്പിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ് നടക്കുന്നതെന്ന് സുരേന്ദ്രന് ആരോപിച്ചു. സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കൊന്നും തന്നെ ശബരിമലയിലെ ഭക്തരുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post