ഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയടക്കം നാലു പേര്‍ക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. സോളിസിറ്റര്‍ ജനറല്‍ കോടതിയലക്ഷ്യത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് നേരിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. ശ്രീധരന്‍ പിള്ളയെക്കൂടാതെ ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവര്, ചലച്ചിത്ര താരം കൊല്ലം തുളസി, പന്തളം രാജകുടുംബത്തിലെ രാമരാജ വര്‍മ്മ, ബി.ജെ.പി പത്തനംതിട്ട നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരെയാണ് ഹര്‍ജി.
ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ വിധിയെ തെറ്റായി വ്യാഖ്യാനിച്ചു, വിധി നടപ്പാക്കാതിരിക്കാനായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി പ്രസംഗിച്ചു എന്നിവയെല്ലാമാണ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍. ഭരണഘടന കത്തിക്കണമെന്ന് പറഞ്ഞതിന് മുരളീധരന്‍ ഉണ്ണിത്താന്‍, സ്ത്രീകളെ കീറിയെറിയുമെന്ന് പറഞ്ഞതിന് കൊല്ലം തുളസി എന്നിവര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടി എടുക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം യുവതികള്‍ കയറിയാല്‍ നടയടയ്ക്കണമെന്ന് പറഞ്ഞതിനാണ് തന്ത്രിക്കും പന്തളം രാജകുടുംബാംഗത്തിനുമെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി വിധി നടപ്പാക്കുന്നത് തടയാന്‍ ശ്രീധരന്‍ പിള്ളയടക്കമുള്ളവര്‍ പ്രവര്‍ത്തിച്ചതായും ഹര്‍ജിയില്‍ ആരോപിക്കുന്നു.
അഭിഭാഷകയായ ഗീനകുമാരി, എവി വര്‍ഷ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്. അനുമതി നിഷേധിച്ച് സോളിസിറ്റര്‍ ജനറല്‍ നല്‍കിയ മറുപടി സഹിതമാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
Discussion about this post