ശബരിമല യുവതി പ്രവേശന വിധി നടപ്പാക്കുന്നതിലുള്ള പ്രയോഗിക ബുദ്ധിമുട്ട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കും. വിധി നടപ്പാക്കാന്‍ സംഘടനകളും, വിവിധ രാഷ്ട്രീയ കക്ഷികളും സമ്മതിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിക്കും. പോലിസ് വിധി നടപ്പാക്കാന്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അറിയിക്കും. നേരത്തെ ഐപിഎസ് അസോസിയേഷന് സുപ്രിം കോടതിയെ സമീപിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തന്നെ നേരിട്ട് സുപ്രിം കോടതിയെ സമീപിക്കാനാണ് തീരുമാനം.
സര്‍ക്കാര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ ജി. പ്രകാശ് മുതിര്‍ന്ന അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം ശബരിമലയില്‍ സുപ്രിം കോടതി വിധി നടപ്പാക്കാന്‍ പ്രയോഗിക ബുദ്ധിമുട്ടുണ്ടാകുമെന്ന് സുപ്രിം കോടതിയെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെങ്കില്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നു എന്ന വിമര്‍ശനങ്ങള്‍ സര്‍ക്കാരിനെതിരെ ഉയരും. ഭൂരിപക്ഷം വരുന്ന വിശ്വാസ സമൂഹത്തിന്റെ വികാരം സര്‍ക്കാര്‍ മാനിച്ചില്ലെന്നായിരുന്നു ആക്ഷേപം. സുപ്രിം കോടതി വിധിയെ തുടര്‍ന്ന് ഇടത് അനുഭാവമുള്ള ആക്ടിവിസ്റ്റുകളായ യുവതികള്‍ ശബരിമല ദര്‍ശനത്തിനായി എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഭക്തരുടെ പ്രതിഷേധം മൂലം ഇത് നടന്നിരുന്നില്ല. ഏത് വിധേനയും സുപ്രിം കോടതി വിധി നടപ്പിലാക്കുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ദേവസ്വം സാവകാശ ഹര്‍ജി സമര്‍പ്പിച്ചതിന് പിറകെ വിധി നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് വ്യക്തമാക്കി സര്‍ക്കാര്‍ തന്നെ സുപ്രിം കോടതിയെ സമീപിക്കുന്നത് ശബരിമലയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ സഹായകരമായിരിക്കുമെന്നാണ് വിലയിരുത്തല്‍.
വിഷയത്തില്‍ പ്രതിഷേധങ്ങള്‍ മൂലം സര്‍ക്കാരിന് പിന്നോട്ട് പോകേണ്ടി വരുന്നുവെന്ന വിമര്‍ശനവും ഉയരും.
Discussion about this post