ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ അനിശ്ചിതകാല സത്യാഗ്രഹം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ചു. ബി.ജെ.പി ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാണ് ആദ്യം നിരാഹാരം അനുഷ്ഠിക്കുന്നത്. ശബരിമല പ്രശ്നത്തെപ്പറ്റി പഠിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നിയോഗിച്ച എം.പിമാരുടെ സംഘത്തിലെ എം.പി സരോജ് പാണ്ഡെയാണ് രാവിലെ പതിനൊന്ന് മണിയ്ക്ക് ശേഷം സത്യാഗ്രഹം ഉദ്ഘാടനം ചെയ്തത്. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ളയും മറ്റ് നേതാക്കളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഈ സത്യാഗ്രഹം പുതിയൊരു തുടക്കമാണെന്നും വരും ദിനങ്ങളില്‍ കേരളാ സര്‍ക്കാര്‍ എവിടെ ചെന്നെത്തുമെന്ന് സര്‍ക്കാര്‍ തന്നെ ചിന്തിക്കണമെന്നും സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് എം.പി സരോജ് പാണ്ഡെ പറഞ്ഞു. ജനാധിപത്യത്തില്‍ ജനങ്ങളുടെ ഇഷ്ടം നടപ്പാക്കേണ്ട കേരളാ സര്‍ക്കാര്‍ അക്കാര്യം ചെയ്യുന്നില്ലെന്നും അവര്‍ പറഞ്ഞു. ശബരിമലയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് ഇവിടെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ബി.ജെ.പി പ്രവര്‍ത്തകരെ പിണറായി സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണെന്നും പ്രവര്‍ത്തകരുടെ കൂടെ ദേശീയ ഘടകമുണ്ടെന്നും സരോജ് പാണ്ഡെ വ്യക്തമാക്കി.
ശബരിമലയില്‍ പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങളും നിരോധനാജ്ഞയും പിന്‍വലിക്കണമെന്ന ആവശ്യം ബി.ജെ.പി മുന്നോട്ട് വെക്കുന്നുണ്ട്. കൂടാതെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ പോലീസിന്റെ അനാവശ്യമായ നടപടികളും അവസാനിപ്പിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെടുന്നു. സത്യാഗ്രഹത്തിന് എന്‍.ഡി.എ നേതാക്കളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അമിത് ഷാ നിയോഗിച്ച സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേന്ദ്രം നിലപാട് വ്യക്തമാക്കുക. സംഘം ജയിലില്‍ കഴിയുന്ന ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ സന്ദര്‍ശിക്കുകയുമുണ്ടായി.
Discussion about this post