ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കുമ്പോള്‍ സുപ്രീം കോടതി ജഡ്ജിമാര്‍ ഹിന്ദു ധര്‍മ്മാചാര്യന്മാരുടെ സഹായം തേടണമെന്ന് ബി.ജെ.പി നേതാവ് എച്ച്.രാജ അഭിപ്രായപ്പെട്ടു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരവേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന് ഹിന്ദു വിരുദ്ധനാണെന്നും എച്ച് രാജ ആരോപിച്ചു. പിറവം പള്ളികേസിലെ സുപ്രിം കോടതി വിധി നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരിന് നാണമില്ലേ എന്നും അദ്ദേഹം ചോദിച്ചു.
റാഫേല്‍ ഇടപാടിനെപ്പറ്റിയുള്ള തീരുമാനങ്ങളെടുക്കുന്ന വേളയില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ വ്യോമസേനയിലെ ഒരു ഉദ്യോഗസ്ഥന്റെ സഹായം ആവശ്യപ്പെട്ടിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജഡ്ജിമാര്‍ക്ക് എല്ലാ വിഷയത്തിലും വൈദഗ്ദ്ധ്യുമുണ്ടായിക്കൊള്ളണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യോമസേനാ ഉദ്യോഗസ്ഥന്റെ സഹായം ആവശ്യപ്പെട്ടത് ഒരു നല്ല നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതേ രീതിയില്‍ ശബരിമല വിഷയത്തിലും വിദഗ്ദ്ധരുടെ സഹായം കോടതി ആവശ്യപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമലയിലെ അയ്യപ്പന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ അനിശ്ചിതകാല നിരാഹാര സമരം നാലാം ദിവസം പിന്നിടുകയാണ്. ബി.ജെ.പി നേതാവ് എ.എന്‍.രാധാകൃഷ്ണനാണ് നിരാഹാരമനുഷ്ഠിക്കുന്നത്.
Discussion about this post