പുതുച്ചേരിയില്‍ മൂന്ന് ബി.ജെ.പി എം.എല്‍.എമാരെ നാമനിര്‍ദ്ദേശം ചെയത ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ നടപടി ശരിവെച്ച് സുപ്രീം കോടതി. ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഭരണപക്ഷത്തോട് ചര്‍ച്ച ചെയ്യാതെ നാമനിര്‍ദ്ദേശം ചെയ്ത നടപടി തെറ്റാണെന്ന് വാദിച്ച് കൊണ്ട് കോണ്‍ഗ്രസ് നല്കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി വിധി.
കഴിഞ്ഞ വര്‍ഷം ബി.ജെ.പി നേതാക്കളായ സ്വാമിനാഥന്, കെ.ജി.ശങ്കര്‍, വി.സെല്‍വഗണപതി എന്നിവരെയായിരുന്നു കിരണ്‍ ബേദി നാമനിര്‍ദ്ദേശം ചെയ്തത്. ഇതേത്തുടര്‍ന്ന് ഈ നടപടി ചോദ്യം ചെയ്ത് കൊണ്ട് കോണ്‍ഗ്രസ് ആദ്യം മദ്രാസ് ഹൈക്കോടതിയെയായിരുന്നു സമീപിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എ ധനലക്ഷ്മി നാരായണായിരുന്നു മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമിയുമായി ചര്‍ച്ച നടത്താതെയാണ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതെന്ന് അവര്‍ വാദിച്ചു.
എന്നാല്‍ മാര്‍ച്ച് 22, 2018ല്‍ കിരണ്‍ ബേദിയുടെ നടപടിയെ ശരിവെക്കുകയായിരുന്നു മദ്രാസ് ഹൈക്കോടതി. അതേസമയം ഹൈക്കോടതി വിധി വന്നതിന് ശേഷവും ഇവര്‍ മൂന്ന് പേരെയും നിയമസഭയില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നു.
Discussion about this post