വനിതാമതിലില്‍ നിലപാട് കടുപ്പിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രടറി വെള്ളാപ്പള്ളി നടേശന്‍ . വനിതാമതിലുമായി സഹകരിക്കാത്തവര്‍ക്കെതിരെ സംഘടനാരീതിയില്‍ നടപടി സ്വീകരിപ്പിക്കുമെന്ന് വെള്ളാപ്പള്ളി മുന്നറിയിപ്പ് നല്‍കി .
ആലപ്പുഴയില്‍ എസ്.എന്‍.ഡി.പി യോഗം വനിതാ മതിലിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതാണ് അത് വിജയിപ്പിക്കേണ്ടത് യോഗത്തിന്റെ കടമയാണ് . സംഘടനാതീരുമാനത്തിന് ഒപ്പം നില്‍ക്കാത്തവര്‍ പുറത്താണ് , ഒപ്പമുണ്ടെങ്കില്‍ ഇന്‍ അല്ലെങ്കില്‍ ഔട്ട് ആയിരിക്കും . അത് തുഷാര്‍ ആയാലും നടപടി ഉറപ്പായിരിക്കുമെന്ന് പേരെടുത്ത് തന്നെ പറഞ്ഞുകൊണ്ട് വെള്ളാപ്പള്ളി വ്യക്തമാക്കി .
വനിതാമതില്‍ വിജയിപ്പിക്കുന്നതിനെ സംബന്ധിച്ചുള്ള കൂടിയാലോചനകള്‍ക്കായി ആലപ്പുഴയില്‍ യോഗം ഭാരവാഹികളുടെ യോഗത്തിലാണ് വെള്ളാപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കിയത് .
പത്തനംതിട്ട ജില്ലയില്‍ നിന്നുമുള്ള എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ ആലപ്പുഴയില്‍ വനിതമതിലുമായി സഹകരിക്കാന്‍ എത്തുമെന്നും ഇതിനു വേണ്ടി നാല്പതോളം വാഹങ്ങള്‍ ബുക്ക് ചെയ്തതായും യോഗത്തില്‍ വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി .
ആണത്തവും മാന്യതയും ഉണ്ടായിരുന്നെങ്കിൽ എൻഎസ്എസ് മുഖ്യമന്തി വിളിച്ച യോഗത്തിൽ പങ്കെടുക്കണമായിരുന്നു . യോഗത്തില്‍ പങ്കെടുക്കാതെ വീട്ടില്‍ കയറിയിരുന്ന് അഭിപ്രായം പറയുകയാണ് . ഒരു മുന്നോക്ക നേതാവ് പറഞ്ഞാല്‍ മാത്രം വനിതാ മതിലില്‍ നിന്നും മുന്നോക്ക വിഭാഗങ്ങള്‍ മാറി നില്‍ക്കില്ല . നവോത്ഥാന പ്രസ്ഥാനങ്ങളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന എസ് എന്‍ ഡി പി യോഗം വനിതാമതിലില്‍ നിന്നും മാറി നിന്നാല്‍ ചരിത്രം ഞങ്ങളെ മണ്ടന്മാരെന്ന് വിളിക്കും . എസ് എന്‍ ഡി പി യോഗം ആരുടേയും തടവറയില്‍ അല്ല . മൈക്രോ ഫിനാന്‍സ് കേസിനെ ഇതുമായി കൂട്ടിക്കെട്ടെണ്ടയെന്നും സര്‍ക്കാരിന് പ്രശ്നാധിഷ്ടിത പിന്തുണ നല്‍കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു .
എസ്.എന്‍.ഡി.പി യോഗത്തിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന നിലവില്‍ വനിതാമതിലിനു എതിരെ നില്‍ക്കുന്ന എന്‍.ഡി.എയുടെ ഭാഗമായ തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട് .
Discussion about this post