ഡല്‍ഹി: മധ്യപ്രദേശിലെയും രാജസ്ഥാനിലെയും മുഖ്യമന്ത്രിമാരെ ഇന്നറിയാം പ്രഖ്യാപനം ഇന്നുണ്ടാകും. ഛത്തീസ്ഗഡിലെ മുഖ്യമന്ത്രിയാരെന്നും കോണ്‍ഗ്രസ് നേതൃത്വം ഇന്നു തീരുമാനിച്ചേക്കും.
ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗല്, സിങ്ദേവ്, സാഹു, ചന്ദ്രദാസ് മഹന്ദ് എന്നിവരെയായിരിക്കും പരിഗണിക്കുക. മധ്യപ്രദേശില്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥിനാണ് സാധ്യത. കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ കമല്‍നാഥിന് മേല്‍ക്കൈ ലഭിച്ചെന്നാണു വിവരം. ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേതായിരിക്കും.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാക്കളായ സച്ചിന് പൈലറ്റിനെയും അശോക് ഗെലോട്ടിനെയും പാര്‍ട്ടി നേതൃത്വം ഡല്‍ഹിക്കു വിളിപ്പിച്ചിട്ടുണ്ട്.
എഐസിസി നിയോഗിച്ച നിരീക്ഷകരായ എ.കെ. ആന്റണി, കെ.സി. വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും.
ഇതിനിടെ മധ്യപ്രദേശില്‍ കമല്‍നാഥിനൊപ്പം മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ജോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്ന് സിന്ധ്യ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഗവര്‍ണറെ കണ്ട സംഘത്തിനൊപ്പവും ഇരുവരുമുണ്ടായിരുന്നു. കമല്‍നാഥിനെ പിന്തുണക്കുന്നവര്‍ ഹൈക്കമാന്റില്‍ സമര്‍ദ്ദം ചെലുത്തി നീക്കം അട്ടിമറിക്കാനും ശ്രമം തുടങ്ങി.
രാജസ്ഥാനില്‍ സച്ചിന് പൈലറ്റ് മുഖ്യമന്ത്രിയാവാനുള്ള നീക്കം തുടങ്ങിയെന്നാണ് വിവരം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി, എന്നാല്‍ അശോക് ഗോലോട്ടിന് തന്നെയാണ് മുന്‍തൂക്കം.
Discussion about this post