ഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് തീരും മുമ്പ് കോണ്‍ഗ്രസിന് തിരിച്ചടിയായി റാഫേല്‍ ഇടപാടിലെ സുപ്രിം കോടതി വിധി. റാഫേല്‍ ഇടപാടില്‍ യാതൊരു അഴിമതിയുമില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കോടതി ശരിവെക്കുമ്പോള്‍, തെളിവില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ അപമാനിച്ചുവെന്ന വിമര്‍ശനത്തിന് കൂടി കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും മറുപടി പറയേണ്ടി വരും.
റാഫേല്‍ കരാറുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കിയ കോടതി വിമാനത്തിന്റെ വില സംബന്ധിച്ച് അന്വേഷണം വേണ്ടെന്നും, ആര്‍ക്കെങ്കിലും സാമ്പത്തീക സഹായം ഉണ്ടാക്കാന്‍ ഇടപെടലുണ്ടായതായി കണ്ടെത്തിയില്ലെന്നും വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസ് ഉന്നയിച്ച എല്ലാ ആരോപണങ്ങളും പൊളിയുകയാണ്.
2019 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ റാഫേല്‍ കരാര്‍ ഇടപാട് ഉയര്‍ത്തി കൊണ്ടുവരാനായിരുന്നു പ്രതിപക്ഷ നീക്കം, മോദി സര്‍ക്കാരിനെതിരെ നാല് വര്‍ഷത്തിനുള്ളില്‍ അഴിമതി ആരോപണങ്ങളൊന്നും ഉന്നയിക്കാനാവാത്തതിന്റെ ക്ഷീണം റാഫേലിലൂടെ തീര്‍ക്കുകയായിരുന്നു ലക്ഷ്യം. മോദിയെ കള്ളന് എന്ന് വരെ വിളിച്ച് രാഹുല്‍ഗാന്ധി തികച്ചു അധാര്‍മ്മികമായ രീതിയില്‍ വിഷയം കൈകാര്യം ചെയ്യുകയും ചെയ്തു. യാതൊരു തെളിവും ഇല്ലാതെ രാജ്യരക്ഷയെ ബാധിക്കുന്ന വിവരങ്ങളടങ്ങിയ കരാര്‍ പുറത്തുവിടണമെന്ന ആവശ്യമായിരുന്നു കോണ്‍ഗ്രസ് ഉയര്‍ത്തിയത്. കരാര്‍ പുറത്തുവിടുക സാധ്യമാവില്ല എന്ന് അറിഞ്ഞുകൊണ്ടു തന്നെ ആ ആവശ്യം ഉന്നയിച്ച സര്‍ക്കാരിന് സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സുപ്രിം ഖോടതി അസനിഗ്ധമായി കരാറിനെയും കേന്ദ്രസര്‍ക്കാരിനെയും പിന്തുണച്ചതോടെ പ്രതിപക്ഷത്തിന്റെ ദുഷ്ലാക്ക് പൊളിഞ്ഞു. ഇതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ പൊട്ടിക്കാന്‍ വച്ചിരുന്ന പടക്കങ്ങള്‍ നനഞ്ഞ പോലെയായി.
സര്‍ജിക്കല്‍ സ്ട്രൈക് മോദി സര്‍ക്കാരിന്റെ നേട്ടമായി ലോകം കൊണ്ടാടിയപ്പോഴും പ്രതിപക്ഷം സമാനമായ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. സര്‍ജിക്കല്‍ സ്ട്രൈക്കിന് തെളിവ് എവിടെ എന്നായിരുന്നു ചോദ്യം. രാജ്യാതിര്‍ത്തി കടന്നുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഉടന്‍ പുറത്തുവിടുന്നത് പാക്കിസ്ഥാന് ഗുണകരമാകും എന്നതിനാല്‍ കേന്ദ്രം അതിന് തുനിയില്ലെന്ന് ഉറപ്പായിരുന്നു. സര്‍ജിക്കല്‍ സ്ട്രൈക് നടന്നില്ല എന്ന തരത്തില്‍ അരവിന്ദ് കെജ്രിവാളിനെ പോലെയുള്ള നേതാക്കള്‍ നടത്തിയ പ്രസ്താവനകള്‍ പാക് മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ സര്‍ജിക്കല്‍ സ്ട്രൈക് നടന്ന് ഒരു വര്‍ഷത്തിന് ശേഷം ദൃശ്യങ്ങള്‍ പുറത്തു വിട്ടതോടെ പ്രതിപക്ഷത്തിന്റെ ദുഷ്ലവാക്ക് പൊളിഞ്ഞു. ഇതോടെ സര്‍ജിക്കല്‍ സ്ട്രൈക് അത്ര വലിയ തോതില്‍ ആഘോഷിക്കേണ്ട കാര്യമില്ല എന്ന മട്ടിലായി കാരണം. സൈനിക മുന്നേറ്റത്തെ അപമാനിക്കുന്ന നീക്കമായിരുന്നു പ്രതിപക്ഷം നടത്തിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
രാജ്യത്തിന് നേട്ടമുണ്ടാക്കുന്ന പ്രതിരോധ രംഗത്തെ രണ്ട് സുപ്രധാന വിഷയങ്ങളിലും രാജ്യവിരുദ്ധമായ നിലപാടാണ് പ്രതിപക്ഷവും രാഹുല്‍ഗാന്ധിയും സ്വീകരിച്ചത്. മറ്റൊരു രാജ്യവുമായി ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായി ഉയര്‍ത്തിയത് മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന നയതന്ത്ര രംഗത്തുള്ളവര്‍ പറയുന്നു. എന്തും രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ പലപ്പോഴും രാജ്യവിരുദ്ധമായി പോകുന്നുവെന്നായിരുന്നു ആക്ഷേപം.
റാഫേല്‍ കരാര്‍ വഴി രാജ്യത്തെ പ്രതിരോധ രംഗത്തിന് വലിയ നേട്ടമാണ് കൈവരിക്കാനായതെന്ന് പ്രതിരോധ രംഗത്തുള്ളവര്‍ പറയുന്നു. യുപിഎ സര്‍ക്കാരുണ്ടാക്കിയ കരാറിനേക്കാള്‍ എട്ടിരട്ടി മെച്ചപ്പെട്ടതാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടി പോയ കരാര്‍ എന്നാണ് വിലയിരുത്തല്‍. സാമ്പത്തീകമായും സാങ്കേതികമായും പുതിയ കരാര്‍ രാജ്യത്തിന് നേട്ടമുണ്ടാക്കിയിട്ടുണ്ട്.
റഫാല്‍ കരാര്‍ ക്ലീനാണ്, അതുകൊണ്ടുതന്നെ അതു റദ്ദാക്കേണ്ട ആവശ്യമില്ല എന്ന വാദമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ എക്കാലത്തും പറഞ്ഞിരുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇപ്പോഴത്തെ കരാറില്‍ വിമാനങ്ങളെത്തുന്നത്. 2007ല്‍ പൂര്‍ണ സജ്ജമായ ഒരു വിമാനം വാങ്ങുന്നതിനേക്കാള്‍ 20% വില കുറച്ചാണ് 2016ല്‍ നല്‍കുന്നത്. ഇന്ത്യയുടെ പ്രതിരോധത്തിനു റഫാല്‍ വിമാനങ്ങള്‍ അനിവാര്യമാണ്. അതുകൊണ്ടാണ് അവ വാങ്ങുന്നത്. അതു വ്യോമസേനയുടെ കരുത്തു കൂട്ടുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്കി കൊണ്ടിരുന്ന വിശദീകരണം. പാര്‍ലമെന്റ് സ്തംഭിപ്പിച്ചു കൊണ്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങള്‍ മൂലം കോടികളുടെ നഷ്ടം രാജ്യത്തിനുണ്ടായി. മോദി സര്‍ക്കാരിന്റെ ജനകീയമായ എല്ലാ കാര്യങ്ങളെയും എതിര്‍ക്കുന്ന പ്രതിപക്ഷം രാജ്യത്തോട് ചെയ്യുന്നത് വലിയ ദ്രോഹമാണെന്ന ആരോപണമാണ് ഉയരുന്നത്.
ഇതിനിടെ അഗസ്റ്റ വെസ്റ്റ് ലാന്റ് അഴിമതിക്കേസ് വീണ്ടും സജീവ ചര്‍ച്ചയായത് കോണ്‍ഗ്രസിന് ഇരട്ടിപ്രഹരമാകും. കേസിലെ ഇടനിലക്കാരന് ക്രിസ്ത്യന്‍ മിഷേലിനെ ഇന്ത്യയ്ക്ക് യുഎഇ വിട്ടുനല്‍കിയിരുന്നു. ഇത്മോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെട്ടിരുന്നത്. മിഷേല്‍ സോണിയാഗന്ധി അഴിമതിയില്‍ പങ്കു ചേര്‍ന്നുവെന്ന ആരോപണം ആവര്‍ത്തിക്കുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. റാഫേലില്‍ കോണ്‍ഗ്രസിന് തിരിച്ചടിയേല്ക്കുമ്പോള് അഗസ്റ്റ-വെസ്റ്റ് ലാന്റ് കേസ് ഉയര്‍ത്തി യുപിഎ ഭരണകാലത്തെ അഴിമതി പരമ്പരകള്‍ ഉയര്‍ത്താനാവും കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും ശ്രമം.
Discussion about this post