കോഴിക്കോട്: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളുടെ സംഘമായ മനിതിക്ക് ദര്‍ശനം സാധ്യമാക്കാതെ മടങ്ങേണ്ടി വന്നതില്‍ പൊലീസിനെ കുറ്റപ്പെടുത്തി മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ആനത്തലവട്ടം ആനന്ദന്. പമ്പയില്‍ നടക്കുന്ന പ്രതിഷേധങ്ങളെ ചെറുക്കാന്‍ അവിടെ ആവശ്യത്തിന് പൊലീസ് ഇല്ലാതിരിക്കുകയോ അല്ലെങ്കില്‍ ഉള്ള പൊലീസ് അനാസ്ഥ കാണിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് പൊലീസിന്റെ വീഴ്ചയാണെന്ന് ആനത്തലവട്ടം ആനന്ദന് പറഞ്ഞു. മനോരമ ന്യൂസിന്റെ കൗണ്ടര്‍ പോയ്ന്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷ ഉറപ്പാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വമാണ് .ആഭ്യന്തര വകുപ്പു മന്ത്രി ഈ ജോലി ഏല്‍പ്പിക്കുമ്പോള്‍ അവരെക്കൊണ്ട് പറ്റില്ലായിരുന്നെങ്കില്‍ പൊലീസ് അത് പറയണമായിരുന്നു. പമ്പ വരെ കൊണ്ടു വരികയും കയറ്റുന്നതിനുള്ള സാഹചര്യങ്ങള്‍ ചെയ്തു കൊടുക്കാതിരിക്കുകയും ചെയ്യുന്നത് അവരുടെ വീഴ്ച്ച തന്നെയാണ്. കയറ്റാനുള്ള സന്നാഹം ഒരുക്കിയിരുന്നില്ലെങ്കില്‍ അവരെ ശബരിമലയില്‍ കൊണ്ടു വരരുതായിരുന്നു. അവരേറ്റെടുത്ത ഉത്തരവാദിത്വം നടപ്പിലാക്കാന്‍ കഴിയാത്ത പൊലീസുകാര്‍ നടപടിക്ക് അര്‍ഹരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആഭ്യന്തര വകുപ്പ് ഈ നടപടികള്‍ കണ്ട് മാറ്റം വരുത്തണമെന്നും അതിനര്‍ത്ഥം പിണറായി വിജയന് ഒളിച്ചോടുമെന്നല്ല എന്നും അദ്ദേഹം പറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ യുവതികള്‍ ശബരിമലയില്‍ കയറിയിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
Discussion about this post