ഡിസംബര്‍ 26ന് ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും എന്‍.ഐ.എ നടത്തിയ റെയ്ഡുകളില്‍ അറസ്റ്റിലായ ഐ.എസ് ഭീകരരെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിരീക്ഷിക്കാതിരുന്നെങ്കില്‍ പിടികൂടാന്‍ സാധിക്കുമായിരുന്നോവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചോദിച്ചു. ഇതോടെ രാജ്യത്തെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിരീക്ഷിക്കാന്‍ പത്ത് അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെതിരെയുള്ള കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് അരുണ്‍ ജെയ്റ്റ്‌ലി ഒരു വിരാമമിട്ടിരിക്കുകയാണ്.
ഐ.എസുമായി ബന്ധമുള്ള പത്ത് പേരെയായിരുന്നു എന്‍.ഐ.എ പിടികൂടിയിരുന്നത്. ഇതിന് എന്‍.ഐ.എയ്ക്ക് അരുണ്‍ ജെയ്റ്റ്‌ലി അഭിനന്ദനമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഭീകര ബന്ധമുള്ളവരെ ഏറ്റവും കൂടുതല്‍ പിടികൂടിയത് യു.പി.എ സര്‍ക്കാരിന്റെ കാലത്താണോയെന്നും അദ്ദേഹം ചോദിച്ചു.
ജനങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റത്തെപ്പറ്റിയുള്ള നോവല്‍ എഴുതിയ പ്രശസ്ത എഴുത്തുകാരന്‍ ജോര്‍ജ് ഓര്‍വെലിനോട് കേന്ദ്ര സര്‍ക്കാരിനെ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം മുന്‍പ് താരതമ്യം ചെയ്തിരുന്നു. ജോര്‍ജ് ഓര്‍വല്‍ ജനിച്ചത് 2014 മേയിലല്ലായെന്നായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി ഈ വിമര്‍ശനത്തിന് മറുപടിയായി പറഞ്ഞത്. രാഷ്ട്രത്തിന്റെ സുരക്ഷയും പരമാധികാരവുമാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
Discussion about this post