ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ സംസ്ഥാനത്ത് 26,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ടെന്ന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തി. ഹിമാചലില്‍ ഒരു റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്ക്കാ-ഷിംല റെയില്‍വേയിലെ കോച്ചുകള്‍ വെളിച്ചം കടക്കുന്ന രീതിയിലുള്ള ഷീറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. ഇതിലൂടെ ജനങ്ങള്‍ക്ക് പ്രകൃതി സൗന്ദര്യം മെച്ചപ്പെട്ട രീതിയില്‍ ആസ്വദിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഹിമാചലിനെ മാറ്റിമറിക്കുന്നതില്‍ ടൂറിസവും ഗതാഗതവും വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ടൂറിസം മേഖലയില്‍ വലിയ മുന്നേറ്റങ്ങളാണ് നടത്തുന്നതെന്നും മോദി പറഞ്ഞു. 2013ല്‍ ഇന്ത്യയില്‍ വന്ന വിദേശ സഞ്ചാരികളുടെ എണ്ണം 70 ലക്ഷമായിരുന്നുവെന്നും 2017 ആയപ്പോഴേക്കും ഈ സംഖ്യ ഒരു കോടിയായി വര്‍ധിച്ചെന്നും മോദി പറഞ്ഞു. 2013ല്‍ വിനോദസഞ്ചാരികള്‍ 18 ബില്ല്യണ്‍ ഡോളര്‍ ഇന്ത്യയില്‍ ചിലവഴിച്ചെന്നും 2017ല്‍ ഈ തുക 27 ബില്ല്യണ്‍ ഡോളറായി വര്‍ധിച്ചെന്നും മോദി പറഞ്ഞു.
ഇത് കൂടാതെ ഒരേ റാങ്കിലുള്ള ജവാന്മാര്ക്ക് ഒരേ പെന്ഷന് വേണമെന്ന പദ്ധതിയെപ്പറ്റിയും മോദി സംസാരിച്ചു. കഴിഞ്ഞ നാല്പത് കൊല്ലമായി ഒരേ പെന്ഷന് വേണമെന്ന ജവാന്മാരുടെ ആവശ്യത്തെ അന്നത്തെ സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നുവെന്നും ബി.ജെ.പി സര്‍ക്കാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം ഇതിന് വേണ്ട നടപടികള്‍ തുടങ്ങിയെന്നും മോദി പറഞ്ഞു. ഇതിനായി 12,000 കോടി രൂപയാണ് ആവശ്യമുണ്ടായിരുന്നതെന്നും ഇത് ഒറ്റത്തവണ കൊണ്ട് നല്കാന് സാധിക്കാത്തതിനാല്‍ 4 മുതല്‍ 5 ഗഡുക്കളായി നല്‍കാനുള്ള വ്യവസ്ഥയാണ് താന്‍ ജവാന്മാരുടെ മുന്നില്‍ വെച്ചതെന്നും മോദി പറഞ്ഞു. ഇന്ന് എല്ലാ ഗഡുക്കള്‍ നല്‍കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.
Discussion about this post