തൃശൂര്‍: മണ്ഡലം, മകര വിളക്ക് കാലം കഴിയുന്നതിനു മുമ്പ് ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കാന്‍ വിവിധ ഇടത് സംഘടനകളുടെ കൂട്ടായ്മ തയ്യാറെടുക്കുന്നു. സുപ്രീംകോടതി വിധി ഏതുവിധേനയും നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘം ശബരിമലയിലേക്ക് തിരിക്കുന്നത്.ഈ ലക്ഷ്യത്തോടെ കഴിഞ്ഞ ദിവസം ആദിവാസി അവകാശ പുനഃസ്ഥാപന സമിതി, തിരുവനന്തപുരത്തെ വീ ദ പീപ്പിള്‍, എറണാകുളത്തെ ആര്‍പ്പോ ആര്‍ത്തവം, സി.പി.ഐ(എം.എല്‍) റെഡ് സ്റ്റാര്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഇവര്‍ എറണാകുളത്ത് ഒത്തുചേര്‍ന്നിരുന്നു. ഏതുവിധേനയും കോടതിവിധി നടപ്പിലാക്കുക എന്നതാണ് അജണ്ട. നാളെ വീണ്ടും യോഗം ചേര്‍ന്ന് ശബരിമലയിലേക്ക് തിരിക്കേണ്ട തീയതി പ്രഖ്യാപിക്കും.
തമിഴ്‌നാട്ടിലെ മനിതിയും ഇവരോടൊപ്പം ശബരിമലയിലേക്ക് തിരിച്ചേക്കുമെന്ന് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ആലോചനായോഗത്തിന് മനിതിയുടെ പ്രതിനിധികള്‍ കേരളത്തിലെത്തില്ല, പകരം വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കും. ട്രാന്‍സ്‌ജെന്‍ഡര്‍ക്വിയര്‍ പ്രവര്‍ത്തകരും ഉണ്ടാകും. യോഗത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള വാട്‌സ് ആപ് സന്ദേശത്തില്‍ ദലിത് ആക്ടിവിസ്റ്റുകളായ അഡ്വ. ജെസ്സിന്‍, മൃദുല ദേവി, രേഖരാജ് എന്നിവരുടെ പേരുകളും ഫോണ്‍നമ്പറും കൊടുത്തിട്ടുണ്ട്. തങ്ങളുടെ നേര്‍ക്ക് ഉണ്ടാകാനിടയുള്ള പ്രതിഷേധങ്ങള്‍ വകവെക്കാതെയാണ് ഇവര്‍ ശബരിമല പ്രവേശത്തിനൊരുങ്ങുന്നത്.
പ്രതിഷേധക്കാര്‍ സംഘം ചേരുന്നത് ഒഴിവാക്കാനായി മുന്‍കൂട്ടി തീയതി പ്രഖ്യാപിക്കാതെ പോകാമെന്ന നിര്‍ദേശവും ചിലര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതുവരെ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കഴിയാത്തതിനാല്‍ പൊലീസിന്റെ സഹായം അഭ്യര്‍ഥിക്കണമോ എന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. നേരത്തേ മല കയറാനെത്തിയ യുവതികളുടെ വിവരങ്ങള്‍ ചോര്‍ന്നത് പൊലീസ് വഴിയാണെന്നും ഇവര്‍ സംശയിക്കുന്നു.
Discussion about this post