ഡല്‍ഹി: ശബരിമല സമരവുമായി ബന്ധപ്പെട്ട അക്രമസംഭവം നിയന്ത്രിക്കാനാവാത്ത സംസ്ഥാന സര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പ് നല്‍കി ബിജെപി. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ടുള്ള പ്രത്യാഘാതം സര്‍ക്കാരും സിപിഎമ്മും നേരിടേണ്ടി വരുമെന്ന് ബിജെപി വക്താവ് ജി.വി.എല്‍.നരസിംഹ റാവു പറഞ്ഞു. സംസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടുകയും, ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടുകയും ചെയ്തതിന് പിറകെയാണ് ബിജെപി രംഗത്തെത്തിയത്.
ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോഴത്തെ സംഘര്‍ഷം. ഇക്കാര്യത്തില്‍ ഭക്തരുടെ പ്രതിഷേധം സമാധാനപരമായിരുന്നു.സര്‍ക്കാരാണ് കേരളത്തില്‍ അക്രമത്തിന് നേതൃത്വം കൊടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ശബരിമലയിലെ യുവതി പ്രവേശനത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമോ എന്ന ചോദ്യത്തില്‍ നിന്ന് ബിജെപി വക്താവ് ഒഴിഞ്ഞുമാറി. കോടതിയുടെ പരിഗണനയിലായാതിനാല്‍ പ്രതികരിക്കുന്നില്ലെന്ന് നരസിംഹ റാവു പറഞ്ഞു.
അക്രമ സംഭവങ്ങളില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയതായി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. സംസ്ഥാനത്ത് സമാധാനം തിരികെ കൊണ്ടുവരണം. നിലവിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്നും രാജ്‌നാഥ് സിങ് അറിയിച്ചു. ഇന്നലെ ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.
Discussion about this post