മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ആദ്യം അംഗീകരിച്ച സി.പി.എം ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം വെറും തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും അത് നടപ്പാക്കുക എന്നത് ദുഷ്കരമാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു.
സംവരണത്തില്‍ വരുമാന പരിധിയായി എട്ടുലക്ഷം രൂപ വെച്ചത് തീരുമാനത്തിന്റെ അന്തസ്സത്തെ ബാധിക്കുമെന്നും പോളിറ്റ് ബ്യൂറോ പറയുന്നു. കേന്ദ്രത്തിന്റെ ഈ തീരുമാനം നടപ്പാക്കുന്നത് വിപുലമായ ചര്‍ച്ച നടത്താതെയാകരുതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ പറയുന്നു.
ലോക്സഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നും ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുമെന്നും സി.പി.എം വ്യക്തമാക്കി.
ജനുവരി ഏഴിനായിരുന്നു മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം മോദി സര്‍ക്കാര്‍ എടുത്തത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ.ബാലനും സ്വാഗതം ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നാണ് സി.പി.എം നിലപാട് മാറ്റിയിരിക്കുന്നത്.
Discussion about this post