നവോത്ഥാന മതില് തീര്‍ത്ത് കേരളത്തിലെ പിന്നോക്ക വിഭാഗങ്ങളെ കൂടെ നിര്‍ത്താമെന്ന പിണറായി വിജയന്റെയും ഇടത് മുന്നണിയുടെയും സ്വപ്നങ്ങള്‍ നരേന്ദ്രമോദിയുടെ ഗൂഗ്ലിക്ക് മുന്നില്‍ തകര്‍ന്നു. മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് പിന്നോക്ക വോട്ടുകള്‍ ലക്ഷ്യമിട്ട് കെട്ടിയ സ്വപ്ന-മതിലില്‍ വിള്ളലുണ്ടാക്കിയത്.
യുവതികളെ പോലിസ് ശബരിമലയില്‍ ഒളിച്ചു കയറ്റിയതോടെ വനിതാ മതിലിനെ എസ്എന്‍ഡിപി യോഗം തള്ളി പറഞ്ഞിരുന്നു. നവോത്ഥാനത്തിന്റെ പേരില്‍ വഞ്ചിക്കപ്പെട്ടുവെന്ന് വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്എന്‍ ട്രസ്റ്റ് അംഗവുമായ പ്രീതി നടേശന് തുറന്നടിച്ചതോടെ അവരുടെ പിന്തുണ നഷ്ടമായി. ഇതിന് പിറകെ എന്‍ഡിഎയ്ക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളിയും പ്രഖ്യാപിച്ചു. രണ്ട് യുവതികള്‍ മലയില്‍ കയറിയതില്‍ പിന്നെ വെള്ളാപ്പള്ളി നടേശന് വാ തുറന്നിട്ടില്ല. ഇതോടെ അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി യോഗത്തിന്റെ പിന്തുണ എന്ന പ്രതീക്ഷ എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം അട്ടത്തായി.
ഇതിന് പിറകെയാണ് പ്രധാനമന്ത്രി 10 ശതമാനം സാമ്പത്തിക സംവരണം പ്രഖ്യാപിച്ചത്. ഇതോടെ നേരത്തെ മുതല്‍ ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ടിരുന്ന സിപിഎം വെട്ടിലായി. വിഷയത്തില്‍ കേന്ദ്ര നേതൃത്വം നിലപാട് പറയും മുമ്പ് സിപിഎം നേതാവ് എ.കെ ബാലനും, മുഖ്യമന്ത്രി പിണറായി വിജയനും ചാടിക്കയറി അഭിപ്രായം പറഞ്ഞു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും, പിന്തുണക്കുന്നുവെന്നും ആയിരുന്നു ഇരുനേതാക്കളുടെയും അഭിപ്രായം. സംവരണ പരിധി എട്ട് ലക്ഷം എന്നുള്ളത് കൂട്ടണം എന്നതില്‍ മാത്രമായിരുന്നു സിപിഎം നേതാക്കള്‍ക്കുള്ള സംശയം. സംവരണത്തെ എതിര്‍ത്താല്‍ പാര്‍ട്ടിക്കൊപ്പമുള്ള മുന്നോക്ക വോട്ടുകള്‍ മുഴുവനായും പോയ്പോകുമെന്നതാണ് മുഖ്യമന്ത്രിയെ പിബിയെ മറികടന്നുള്ള തീരുമാനം പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചത്. സംവരണം നടപ്പാക്കുക ബുദ്ധിമുട്ടാണ്, പരിധി പോരാ എന്നിങ്ഹനെ എതിര്‍പ്പിന്റെ സ്വരവുമായി പിണറായിയെ തള്ളി പൊളിറ്റ് ബ്യൂറോ രംഗത്തെത്തി. എന്നാല്‍ ലോകസഭയില്‍ ബില്ലിനെ പിന്തുണക്കുകയും ചെയ്തു. ഇതോടെ വലിയ നാണക്കേടിലായി സിപിഎം.
കേരളത്തിലെ സിപിഎം നിലപാട് പക്ഷേ പ്രതിസന്ധിയിലാക്കിയത് കെപിഎംഎസ് നേതാവായ പുന്നല ശ്രീകുമാറിനെയും സംഘത്തേയുമാണ്. വനിതാ മതില് പണിയാന്‍ രംഗത്ത് സജീവമായിരുന്നത് പുന്നലയും സംഘവുമായിരുന്നു. എന്നാല്‍ സംവരണത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് ഇവര്‍ക്ക് തലയ്ക്കടിയേറ്റ പോലെയായി. മുന്നോക്ക സംവരണത്തിന് ശക്തമായി എതിര് നില്ക്കുന്ന സംഘടനയാണ് കെപിഎംഎസ്. പാര്‍ലമെന്റില്‍ ഇതൊന്നും പാസാവില്ല എന്ന ആത്മവിശ്വാസമാണ് പുന്നല ശ്രീകുമാര്‍ ഇന്നലെ മാധ്യമങ്ങളോട് പങ്കുവച്ചത്. എന്നാല്‍ ഇന്നലെ തന്നെ സിപിഎം-കോണ്‍ഗ്രസ് പിന്തുണയോടെ ലോകസഭയും ഇന്ന് രാജ്യസഭയും ബില്‍ പാസാക്കുമെന്നതാണ് അവസ്ഥ. മായാവതിയെ പോലുള്ള നേതാക്കളും ഭരണഘടനാ ഭേദഗതിയെി പിന്തുണച്ചതോടെ കെപിഎംഎസ് പൂര്‍ണമായും പ്രതിരോധത്തിലാണ്. വിഷയത്തില്‍ ഇനിയെന്ത് നിലപാട് എടുത്താലും സിപിഎം പിന്തുണ കിട്ടില്ല എന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ തങ്ങള്‍ ചതിക്കപ്പെട്ടു എന്ന വികാരമാണ് സംഘടനയിലെ അംഗങ്ങള്‍ക്ക് ഉള്ളത്. മതിലു കഴിഞ്ഞതോടെ തങ്ങളെ സിപിഎം കറിവേപ്പിലയാക്കി എന്ന ആക്ഷേപം പലര്‍ക്കുമുണ്ട്. വനിതാ മതിലില്‍ പങ്കെടുത്ത മറ്റുള്ള പിന്നോക്ക സംഘടനകളും സിപിഎമ്മിന്റെ പാലം വലി തിരിച്ചറിയുന്നുണ്ട്.
Discussion about this post