ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് തമിഴ്നാട് ട്രാന്സ്പോര്്ട് ബസുകള്‍ക്ക് സര്‍വ്വിസ് നടത്താന്‍ അനുമതി. തമിഴ്നാട് ബസുകള്‍ കടത്തിവിടാന്‍ അനുമതി നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പമ്പയിലേക്ക് തമിഴ്നാട് ബസുകള്‍ കടത്തി വിടാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു
നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് തമിഴ്നാട്ടില്‍ നിന്നുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ കടത്തിവിടാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതോടെ തമിഴ്നാട്ടില്‍ നിന്നുള്ല തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ നി്ന്ന് കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പമ്പയിലേക്ക് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസ് അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്കി.
ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ കോടതിച്ചെലവ് പിഴയൊടുക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തമിഴ്നാട് കോര്‍പ്പറേഷന്റെ അപേക്ഷയില്‍ തീരുമാനമെടുത്ത് ഇന്ന് അറിയിക്കാനും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് തമിഴ്നാട് കോര്‍പ്പരേഷന്‍ അപേക്ഷ പരിഗണിച്ച് പമ്പയിലേക്ക് ബസുകള്‍ കടത്തിവിടാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സുരക്ഷയുടെ പേരില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെയുള്ള തീര്‍ത്ഥാടകരെ പോലിസ് ബുദ്ധിമുട്ടിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
Discussion about this post