ഡല്‍ഹി: സുഷമാസ്വരാജിനെതിരായുള്ള ആരോപണങ്ങള്‍ വിദേശകാര്യമന്ത്രാലയത്തെ അസ്ഥിരപ്പെടുത്താനുള്ള അപകടകരമായ കളിയാണെന്ന് ശിവസേന. സര്‍ക്കാരിന്റെ ആത്മവീര്യം കെടുത്താനുള്ള ശ്രമമാണിതെന്നും ശിവസേന വ്യക്തമാക്കുന്നു.ലളിത് മോദിയെ സഹായിച്ചതിനു എതിര്‍പ്പു നേരിടുന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പിന്തുണച്ച് ശിവസേനയുടെ മുഖപത്രമായ സാമനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരാണെന്നു കണ്ടെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു മുഖപ്രസംഗം ആവശ്യപ്പെടുന്നു. വിവേകമതികളായ മന്ത്രിമാര്‍ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരാമെന്നും പ്രധാനമന്ത്രി തന്നെ ആ സ്ഥാനത്തെത്താമെന്നും ശിവസേന പറയുന്നു.
നേരത്തേ, രാജ്നാഥ്സങ്ങിനെയും മകനെയും കുറിച്ചും പൂര്‍ത്തി ഗ്രൂപ്പുമായുള്ള നിതിന്‍ ഗഡ്കരിയുടെ ബന്ധത്തെക്കുറിച്ചും വിവാദങ്ങളുയര്ന്നകാര്യവും ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഐപിഎല്‍ വിവാദത്തില്‍ യുപിഎ മന്ത്രിയായിരുന്ന ശശി തരൂരിനെ പുറത്താക്കിയതു വച്ച് കോണ്‍ഗ്രസിനിട്ടു കൊട്ടുകൊടുക്കാനും മുഖപ്രസംഗം മറന്നില്ല.
Discussion about this post