പശ്ചിമബംഗാളില്‍ ബി.ജെ.പി നടത്താനിരിക്കുന്ന റാലിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പങ്കെടുപ്പിക്കാതിരിക്കാന്‍ ശ്രമിക്കുകയാണ് മമത സര്‍ക്കാര്‍. അമിത് ഷായുടെ ഹെലികോപ്റ്ററിന് മാല്‍ഡയില്‍ ഇറങ്ങാനുള്ള അനുമതി ബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചു. ജനുവരി 22ന് നടക്കാനിരിക്കുന്ന റാലിയില്‍ പങ്കെടുക്കാനായിരുന്നു അമിത് ഷായുടെ തീരുമാനം.
കൊല്‍ക്കത്തയില്‍ നിന്നും മാല്‍ഡയിലേക്ക് ഹെലികോപ്റ്ററില്‍ പോകാനായിരുന്നു ബി.ജെ.പി ദേശീയ അധ്യക്ഷന്റെ പദ്ധതി. എന്നാല്‍ മാല്‍ഡാ വിമാനത്താവളത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നും ഇത് മൂലം അവിടെ മണ്ണും പൊടിയും നിര്‍മ്മാണ സാമഗ്രികളും നിറഞ്ഞിരിക്കുകയാണെന്നും മാല്‍ഡയിലെ പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍ ബി.ജെ.പിക്ക് കത്ത് നല്‍കി. ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാനുപയോഗിക്കുന്ന ഹെലിപ്പാഡിന്റെയും അറ്റകുറ്റപ്പണി നടക്കുകയാണെന്ന് കത്തില്‍ പറയുന്നു.
എന്നാല്‍ ബംഗാള്‍ സര്‍ക്കാര്‍ എല്ലാ ബുധനാഴ്ചയും ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാന്‍ മാല്‍ഡാ വിമാനത്താവളം ഉപയോഗിക്കുന്നുണ്ടെന്ന് ബി.ജെ.പി മാല്‍ഡാ യൂണിറ്റ് ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. ഈ അവസരത്തിലാണ് അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതെന്നും സെക്രട്ടറി പറഞ്ഞു.
Discussion about this post