റിപ്പബ്ലിക് ദിന പരേഡില്‍ നാവികസേനയുടെ നിശ്ചലദൃശ്യത്തില്‍ കേരളത്തിലെ പ്രളയം ഇടം പിടിച്ചു. കേരളത്തില്‍ സംഭവിച്ച മഹാപ്രളയത്തില്‍ നാവികസേന നടത്തുന്ന രക്ഷാപ്രവര്‍ത്തനാണ് നിശ്ചലദൃശ്യത്തിന്റെ പ്രമേയം. 2018ല്‍ നാവികസേന നടത്തിയ ഏറ്റവും വിജയകരമായ ദൗത്യങ്ങളിലൊന്ന് എന്ന നിലയിലാണ് പ്രളയം തിരഞ്ഞെടുത്തത്.
നിലവില്‍ നിശ്ചലദൃശ്യങ്ങള്‍ ഒരുക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ നിന്നും കേരളം പുറത്തായിട്ടുണ്ട്. ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മഹാത്മാ ഗാന്ധിയാണ് ഇക്കുറി സംസ്ഥാന നിശ്ചലദൃശ്യങ്ങളുടെ പ്രമേയം. എന്നാല്‍ വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട നിശ്ചലദൃശ്യമായിരുന്നു കേരളം സമര്‍പ്പിച്ചത്. ഇത് കേന്ദ്രം തള്ളിക്കളഞ്ഞു.
16 സംസ്ഥാനങ്ങള്‍ അണിനിരക്കുന്ന പരേഡില്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ ദൃശ്യാവിഷ്കാരമാണ് കര്‍ണാടക അവതരിപ്പിക്കുക. 1924 ഡിസംബര്‍ 26, 27 തീയ്യതികളില്‍ ബെളഗാവിയില്‍ നടന്ന 39ാം സമ്മേളനത്തില്‍ മഹാത്മാഗാന്ധി അഭിസംബോധന ചെയ്യുന്ന ദൃശ്യമാണ് ഒരുക്കിയിരിക്കുന്നത്. ഗാന്ധിജി അധ്യക്ഷത വഹിച്ച ഏക കോണ്‍ഗ്രസ് സമ്മേളനം എന്ന പ്രത്യേകതയും ഇതിനുണ്ട്.
Discussion about this post