സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്.പി ചൈത്ര തെരേസ ജോണിനെതിരെ വകുപ്പുതല അന്വേഷണം. പാര്‍ട്ടിയെ അപമാനിക്കുന്നതിന് വേണ്ടി റെയ്ഡ് നടത്തിയെന്ന് സി.പി.എം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിരുന്നില്ലെന്നു വരുത്താനും സി.പി.എം നീക്കമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സി.പി.എം ഓഫീസില്‍ റെയ്ഡ് നടത്തിയ ഉടന്‍ തന്നെ ചൈത്രയെ ഡി.സി.പിയുടെ ചുമതലയില്‍ നിന്നും മാറ്റി വനിതാ സെല്ലിലേക്ക് അയച്ചിരുന്നു. തുടര്‍ന്ന് അവധിയിലായിരുന്ന ഡി.സി.പി ആര്.ആദിത്യയെ വിളിച്ചുവരുത്തി ചുമതല ഏല്‍പ്പിക്കുകയായിരുന്നു. റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ചൈത്രയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്.
പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസിന്റെ അന്വേഷണത്തിനിടെയാണ് സി.പി.എം ഓഫീസില്‍ റെയ്ഡ് നടന്നത്. ജനുവരി 23ന് രാത്രി അന്‍പതോളം പേരടങ്ങുന്ന ഡി.വൈ.എഫ്.ഐ സംഘമായിരുന്നു മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. പ്രതികളില്‍ ചിലര്‍ മേട്ടുക്കടയിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ ഒളിവില്‍ കഴിയുന്നതായി സിറ്റി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് വ്യാഴാഴ്ചയായിരുന്നു റെയ്ഡ് നടന്നത്.
Discussion about this post