മോദി മന്ത്രിസഭയിലെ മന്ത്രിമാരില്‍ ഏറ്റവും നല്ല മന്ത്രിയെ കണ്ടുപിടിക്കുന്നതിന് വേണ്ടി നടത്തിയ സര്‍വ്വേയില്‍ ഒന്നാം സ്ഥാനത്തെത്തിയത് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. സര്‍വ്വേയില്‍ പങ്കെടുത്ത 50 ശതമാനം പേരും രാജ്‌നാഥ് സിംഗിനെയാണ് ഏറ്റവും നല്ല മന്ത്രിയായി തിരഞ്ഞെടുത്തത്. ഇന്ത്യാ ടുഡേയാണ് സര്‍വ്വേ നടത്തിയത്.
സര്‍വ്വേയില്‍ പങ്കെടുത്തവരോട് മന്ത്രിമാര്‍ക്ക് 1 മുതല്‍ 5 വരെ റാങ്ക് നല്‍കാന്‍ ആവശ്യപ്പെട്ടു. ഏറ്റവും നല്ല മന്ത്രിക്ക് ഒന്നാം റാങ്ക് നല്‍കാനായിരുന്നു പറഞ്ഞത്. 13,000 പേര്‍ പങ്കെടുത്ത സര്‍വ്വേയിലാണ് 50 ശതമാനം പേര്‍ രാജ്‌നാഥ് സിംഗിനെ ഏറ്റവും നല്ല മന്ത്രിയായി തിരഞ്ഞെടുത്തത്.
സര്‍വ്വേയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ്. 46 ശതമാനം പേരാണ് സുഷമാ സ്വരാജിനെ ഏറ്റവും നല്ല മന്ത്രിയായി തിരഞ്ഞെടുത്തത്. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ സുഷമാ സ്വരാജ് മുന്‍കൈ എടുത്തിട്ടുണ്ട്. കൂടാതെ ട്വിറ്ററിലൂടെ ഇവര്‍ ജനങ്ങളുമായി സമ്പര്‍ക്കം നടത്താറുമുണ്ട്.
മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ്. 45 ശത്മാനം പേരാണ് അരുണ്‍ ജെയ്റ്റ്‌ലിക്ക് വോട്ട് നല്‍കിയത്. നാലാം സ്ഥാനത്ത് നില്‍ക്കുന്നത് റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി നിതിന്‍ ഗഡ്കരിയാണ്. 39 ശതമാനം പേരാണ് നിതിന്‍ ഗഡ്കരിക്ക് വോട്ട് നല്‍കിയത്. അതേസമയം അഞ്ചാം സ്ഥാനത്താണ് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ നില്‍ക്കുന്നത്. 26 ശതമാനം പേരാണ് നിര്‍മ്മലാ സീതാരാമന്റെ പേര് മുന്നോട്ട് വെച്ചത്.
Discussion about this post