അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസിലെ ഇടനിലക്കാരന്‍ കൃസ്ത്യന്‍ മിഷേലിന്റെ സഹായികളായ രാജീവ് സക്‌സേനയെയും ദീപക് തല്‍വാറിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ദുബായിയില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്ന ഇരുവരെയും ഇന്ന് രാവിലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടിയത്.
ഇരുവരെയും കള്ളപ്പണം വെളുപ്പിച്ച കേസിലാണ് കസ്റ്റഡിയിലെടുത്തത്. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായിയാണ് രാജീവ് ഷംഷേര്‍ ബഹാദൂര്‍ സക്‌സേന. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള വാറന്റ് കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരമാണ് വാറന്റ്.
കോര്‍പ്പറേറ്റ് വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ദീപക് തല്‍വാര്‍. 90.72 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ദീപക് തല്‍വാറിനെ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടിയത്. യൂറോപ്പിലെ ഒരു പ്രധാന മിസൈല്‍ നിര്‍മ്മാണ കമ്പനി ദീപകിന്റെ ഉടമസ്ഥതയിലുള്ള എന്‍.ജി.ഒയ്ക്ക് പണം കൈമാറിയിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചൂണ്ടിക്കാട്ടുന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് നടന്ന ചില വ്യോമയാന കരാറുകളില്‍ ദീപകിന്റെ ഇടപെടലും സംശയാസ്പദമാണ്. ക്രിമിനല്‍ ഗൂഢാലോചനയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ദീപകിനെതിരെയുണ്ട്.
ഇതിന് മുന്‍പും രാജീവ് സക്‌സേനയെ ഇ.ഡി വിളിപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ജൂലൈ 2017ല്‍ സക്‌സേനയുടെ ഭാര്യ ശിവാനി സക്‌സേനയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ ശിവാനി സക്‌സേന ജാമ്യത്തിലാണ്.
രാജീവ് സക്‌സേനയെയും ദീപക് തല്‍വാറിനെയും ഇന്ന് തന്നെ കോടതിക്ക് മുമ്പാകെ ഹാജരാക്കും.
Discussion about this post