ജാര്‍ഖണ്ഡിലെ ആദ്യത്തെ വനിതാ യൂണിവേഴ്സിറ്റി ക്യാംപസിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. വീഡിയോ കോണ്‍ഫറന്‍സ് വഴി ഞായറാഴ്ചയായിരുന്നു മോദി ജംഷേധപൂരില് സ്ഥിതി ചെയ്യുന്ന യൂണിവേഴ്സിറ്റിയുടെ തറക്കല്ലിടലന് ചടങ്ങ് നിര്‍വ്വഹിച്ചത്. ഇത് കൂടാതെ ജാര്‍ഖണ്ഡിലെ ഗൊഡ്ഡയില്‍ ഒരു പ്രൊഫഷണല്‍ കോളേജിന്റെയും തറക്കല്ല് അദ്ദേഹമിട്ടു.
ജംഷേധ്പൂരിലെ വനിതാ കോളേജ് യൂണിവേഴ്സിറ്റിയായി ഉയര്‍ത്താനുള്ള പദ്ധതിക്ക് 2017ല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. രാഷ്ട്രീയ ഉച്ച ശിക്ഷാ അഭിയാന്റെ കീഴിലുള്ള പദ്ധതി പ്രകാരമാണ് ഈ തീരുമാനമെടുത്തത്. ബീഹാര്‍, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ് എന്നിവടങ്ങളിലെ ആകെയുള്ള വനിതാ യൂണിവേഴ്സിറ്റിയാകും ഇത്. ഇതിലൂടെ 8,000ത്തലധികം വിദ്യാര്‍ത്ഥിനികള്‍ക്ക് ഗുണം ലഭിക്കും.
ജംഷേധ്പൂരിലെ സിധ്ഗോരയില് സ്ഥിതി ചെയ്യുന്ന ക്യാംപസിന്റെ വിസ്തൃതി 18 ഏക്കറാണ്. ഇപ്പോള്‍ നിലവിലുള്ള കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ടി 3 കോടി രൂപ സര്‍ക്കാര്‍ ചിലവഴിക്കുന്നതായിരിക്കും. പദ്ധതിക്ക് മൊത്തമായി കേന്ദ്ര സര്‍ക്കാര്‍ 33 കോടി രൂപയും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ 89.26 കോടി രൂപയും ചിലവഴിക്കും.
തറക്കല്ലിട്ടതിന് ശേഷം മോദി രാജ്യത്തെ വിവിധയിടങ്ങളിലുള്ള കോളേജ് വിദ്യാര്‍ത്ഥികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയ വിനിമയം നടത്തി. ഡിജിറ്റല്‍ ഇന്ത്യ വഴിയാണ് തനിക്ക് രാജ്യത്തെ 1.50 കോടി വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്താന്‍ സാധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആറ് ദശകങ്ങളായി നേടാന്‍ കഴിയാതിരുന്നത് വെറും നാലര വര്‍ഷം കൊണ്ട്
ചെയ്യാന്‍ സാധിച്ചുവെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞു. സ്വാതന്ത്ര്യത്തിന് 67 വര്‍ഷങ്ങള്‍ക്ക് ശേഷവും വെറും നാല് യൂണിവേഴ്സിറ്റികളായിരുന്നു ജാര്‍ഖണ്ഡില്‍ സ്ഥാപിച്ചതെന്നും എന്നാല്‍ തന്റെ മന്ത്രിസഭ നിലവില്‍ വന്നതിന് ശേഷം വെറും നാലര വര്‍ഷം കൊണ്ട് 15 വനിതാ ബിരുദ കോളേജുകളും ഒരു വനിതാ യൂണിവേഴ്സിറ്റിയും തുടങ്ങാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post