ശബരിമല ഹര്‍ജികളില്‍ സുപ്രിം കോടതി വാദം പൂര്‍ത്തിയാക്കി. വിധി ഇന്നുണ്ടാവില്ലെന്ന് വ്യക്തമായി. ഇന്ന് തങ്ങളുടെ വാദമുഖങ്ങള്‍ നേരിട്ട് അവതരിപ്പിക്കാന്‍ കഴിയാത്ത അഭിഭാഷകര്‍ക്ക് തങ്ങളുടെ വാദങ്ങള്‍ എഴുതി നല്കാന് സുപ്രിം കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമായിരിക്കും തീരുമാനം എടുക്കുക.
നിലപാടുകള്‍ എഴുതി നല്കാന് ഏഴ് ദിവസത്തെ സമയവും നല്‍കിയിട്ടുണ്ട്. 13ാം തിയതി വരെ എഴുതി നല്കാന് സമയം ലഭിക്കും
65 ഹര്‍ജികളാണ് ഇന്ന് സുപ്രിം കോടതിയില്‍ ഉണ്ടായത്. പത്തോളം പുനപരിശോധന ഹര്‍ജികളും, സര്‍ക്കാരിന്റെയും, ദേവസ്വം ബോര്‍ഡിന്റെയും വാദങ്ങളും സുപ്രിം കോടതി ഇന്ന് വാദം കേട്ടു.
വിശ്വാസികള്‍ക്കൊപ്പം നിലകൊള്ളുമെന്ന മുന്‍നിലപാട് തള്ളിയ വാദങ്ങളാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സുപ്രിം കോടതിയ്ക്ക് മുന്നില്‍ വച്ചത്.
ശബരിമല യുവതി പ്രവേശന വിധിയെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലിച്ചു. സുപ്രിം കോടതി ഉത്തരവ് പുന:പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാരിന് വേണ്ടി അഭിഭാഷകന് ജയ്ദീപ ഗുപ്ത വാദിച്ചു.
നേരത്തെ സുപ്രിം കോടതി വിധി പാലിക്കുകയാണ് തങ്ങള്‍ ചെയ്യുന്നത് എന്നായിരുന്നു വിധി നടപ്പാക്കുന്നതിനെ ന്യായീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നത്. തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും മുഖ്യന്ത്രി പറഞ്ഞിരുന്നു.
ആചാരങ്ങള്‍ മൗലികാവകാശത്തിന് മുകളില്ലെന്നും ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥ പരിഹരിക്കാനാവുമെന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. പല വാദങ്ങളും കേട്ടില്ല എന്നത് പുനപരിശോധനയ്ക്ക് കാരണമല്ലെന്ന് ജയദീപ് ഗുപ്ത വാദിച്ചു. വിധിക്കാധാരം തുല്യതയെന്നും ജയ്ദീപ് ഗുപ്ത പറയുന്നു.
ശബരിമലയിലെ സുപ്രിം കോടതി വിധിയെ അനുകൂലിക്കുന്ന സര്‍ക്കാര്‍ വാദങ്ങളെ പിന്തുണക്കുന്ന നിലപാടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സ്വീകരിച്ചത്.. എല്ലാവര്ക്കും ആരാധനയില്‍ തുല്യത എന്ന വാദം അഭിഭാഷകന് രാകേഷ് ത്രിവേദിയും ഉയര്‍ത്തി. ആര്‍ത്തവമില്ലാത്ത മനുഷ്യകുലം തന്നെയില്ല. എല്ലാവര്ക്കും തുല്യത എന്ന വാദം പ്രധാനപ്പെട്ടതാണെന്നും ദേവസ്വം ബോര്‍ഡ് സുപ്രിം കോടതിയില്‍ വാദിച്ചു.
ശബരിമലയില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടേ മതിയാവു. തുല്യതയില്ലാത്ത ആചാരങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ദേവസ്വം ബോര്‍ഡ് വാദിച്ചു.
യുവതി പ്രവേശനം ബോര്‍ഡ് നേരത്തെ എതിര്‍ത്തിരുന്നതല്ലേ എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര കോടതിയില്‍ ചോദിച്ചു. എന്നാല്‍ ഇപ്പോഴത്തെ നിലപാടാണ് അറിയിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്കി.
ശബരിമല വിധിക്ക് ശേഷം നിലപാട് മാറിയെന്നും, വേണമെങ്കില്‍ വീണ്ടും അപേക്ഷ നല്‍കാമെന്നും ബോര്‍ഡ് അറിയിച്ചു. ശബരിമലയില്‍ ചെറിയ പ്രതിഷേധങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
നേരത്തെ ശക്തമായ വദമുഖങ്ങളാണ് പുനപരിശോധന ഹര്‍ജി നല്‍കിയവരുടെ അഭിഭാഷകര്‍ നിരത്തിയത്. ശബരിമലയില്‍ അസമത്വമില്ലെന്നും, ഭരണഘടന ലംഘനമില്ലെന്നും അവര്‍ വാദിച്ചു.
Discussion about this post