കാസര്‍ഗോഡ് കോപ്പിയടി ചോദ്യം ചെയ്ത അധ്യാപകന്റെ കൈ വിദ്യാര്‍ഥി തല്ലിയൊടിച്ചു. ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂളില്‍ ഹയര്‍ സെക്കണ്ടറി മാതൃകാ പരീക്ഷയ്ക്ക് കോപ്പിയടിച്ച വിദ്യാര്‍ഥിയെ ചോദ്യം ചെയ്ത ഫിസിക്സ് അധ്യാപകനാണ് മര്‍ദ്ദനമേറ്റത്. സരാമയി പരിക്കേറ്റ ചെറുവത്തൂര്‍ തിമിരിയിലെ ഡോ.വി ബോബി ജോസിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇതേ സ്കൂളിലെ രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഹ്യൂമാനിറ്റീസ് പരീക്ഷയ്ക്കിടെയാണ് വിദ്യാര്‍ഥി കോപ്പിയടിക്കുന്നത് അധ്യാപകന്റെ ശ്രദ്ധയില്‍പ്പെട്ടതും ചോദ്യം ചെയ്തതും. തുടര്‍ന്ന് അരിശം പൂണ്ട വിദ്യാര്‍ഥി ഹാളില്‍വെച്ച് മുഖത്തടിക്കുകയും നിലത്ത് വീണപ്പോള്‍ ദേഹത്ത് ചവിട്ടുകയും അടിക്കുകയുമായിരുന്നുവെന്ന് അധ്യാപകന് പൊലീസിന് മൊഴി നല്കി. മര്‍ദ്ദനത്തെ തുടര്‍ന്ന് അധ്യാപകന്റെ കൈ ഒടിയുകയും ചെവിയുടെ കര്ണ്ണപടത്തിന് ക്ഷതമേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
വധശ്രമം, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വിദ്യാര്‍ഥിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, മര്‍ദ്ദനത്തെ കുറിച്ച് പൊലീസില്‍ പരാതി നല്കിയാല് അധ്യാപകനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയ വിദ്യാര്‍ഥിയുടെ പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്.
Discussion about this post