ഒമാനില്‍ വീട്ടുജോലിക്കെത്തിയ മലയാളി യുവതി നേരിട്ടത് കൊടും പീഡനം. യു.എ.ഇ വഴി ഒമാനിലേക്ക് മനുഷ്യക്കടത്ത് നടക്കുന്നുവെന്ന് യുവതി വെളിപ്പെടുത്തി. വീട്ടുജോലിക്കെന്ന് പറഞ്ഞ് യു.എ.ഇയിലേക്ക് കൊണ്ടുപോയതിന് ശേഷം അവിടുന്ന് ഒമാനിലേക്ക് കടത്തി ഏജന്റുമാര്‍ക്ക് വില്ക്കുന്നുവെന്ന് മുക്കം സ്വദേശിനിയായ യുവതി പറഞ്ഞു.
ദുബായില്‍ വീട്ടുജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് യുവതിയെ കോഴിക്കോടുള്ള ഏജന്റ് യു.എ.ഇയിലേക്ക് അയച്ചത്. എന്നാല്‍ യുവതി എത്തിയത് അജ്മാനിലായിരുന്നു. സുജയെന്ന് പരിചയപ്പെടുത്തിയ ഒരു മലയാളി സ്ത്രീ യുവതിയെ ദിവസങ്ങളോളം അവരുടെ ഫ്ളാറ്റില്‍ ദിവസങ്ങളോളം പാര്‍പ്പിച്ചു. തുടര്‍ന്ന് യുവതിയെ ഒമാനിലുള്ള ഏജന്റിന് നല്‍കുകയായിരുന്നു.
ഒമാനിലെത്തിയ യുവതിക്ക് കൊടിയ പീഡനമാണ് നേരിടേണ്ടി വന്നത്. ലൈംഗിക പീഡനത്തിനുള്ള ശ്രമം നടന്നുവെന്ന് യുവതി വ്യക്തമാക്കി. ഇതിന് വിസമ്മതിച്ചപ്പോള്‍ ചൂലൊടിച്ച് നടുവിന് ക്രൂരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് മുറിയില്‍ പൂട്ടിയിടുകയും ചെയ്തു.
ഈ രീതിയില്‍ 15 സ്ത്രീകള്‍ ഒമാനില്‍ തടവില്‍ കഴിയുകയാണെന്നും യുവതി പറഞ്ഞു. സന്ദര്‍ശക വിസയിലാണ് യുവതികളെ യു.എ.ഇയില്‍ എത്തിക്കുന്നത്. മാസങ്ങള്‍ക്ക് ശേഷമാണ് ഇവരില്‍ പലര്‍ക്കും വീട്ടുകാരുമായി ബന്ധപ്പെടാന്‍ സാധിച്ചത്. ഇന്ത്യന്‍ എംബസി ഇടപെട്ടായിരുന്നു മുക്കം സ്വദേശിയായ യുവതിയെ തിരിച്ചെത്തിച്ചത്.
Discussion about this post