തമിഴ്‌നാട്ടില്‍ ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിനെതിരെ പരോക്ഷ വിമര്‍ശനവുമായി മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍ രംഗത്ത്. താന്‍ തമിഴ്‌നാട്ടില്‍ ഗ്രാമ സഭകള്‍ സംഘടിപ്പിച്ച് തുടങ്ങിയതിന് ശേഷമാണ് മറ്റുള്ളവര്‍ തന്നെ കോപ്പിയടിക്കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. എം.കെ.സ്റ്റാലിനും മറ്റ് നേതാക്കളും ഗ്രാമ സഭകള്‍ സംഘടിപ്പിച്ചതിനെപ്പറ്റിയായിരുന്നു കമല്‍ ഹാസന്റെ വിമര്‍ശനം. ഒരു ചെറിയ കുട്ടിയുടെ പക്കല്‍ നിന്നും കോപ്പിയടിക്കുന്നതില്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്നും കമല്‍ ഹാസന്‍ ചോദിച്ചു. ചെന്നൈയില്‍ വെച്ച് നടന്ന റൊട്ടൊറാക്ട് വാര്‍ഷിക ജില്ലാ കോണ്‍ഫറന്‍സിലായിരുന്നു കമല്‍ ഹാസന്റ് പ്രതികരണം.
ഇത് കൂടാതെ താന്‍ ഒരിക്കലും കീറിയ ഷര്‍ട്ട് അണിഞ്ഞ് വരില്ലെന്നും നിയമസഭയില്‍ വെച്ച് തന്റെ ഷര്‍ട്ട് കീറിപ്പോയാല്‍ താന്‍ മറ്റൊരു ഷര്‍ട്ട് ധരിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ഞായറാഴ്ച തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ടിന് ശേഷം എം.കെ.സ്റ്റാലിന്‍ കീറിയ ഷര്‍ട്ട് അണിഞ്ഞുകൊണ്ടായിരുന്നു നിയമസഭയില്‍ നിന്നും പുറത്തേക്ക് വന്നത്.
ഇത് കൂടാതെ രജനീകാന്തിനെതിരെയും കമല്‍ ഹാസന്‍ പരോക്ഷ വിമര്‍ശനം നടത്തി. എണ്ണ തേച്ച് ഗുസ്തിക്ക് തയ്യാറെടുത്തതിന് ശേഷം ഗോദയില്‍ നിന്നും പുറത്തേക്ക് പോകുന്നത് നല്ലതല്ലെന്ന് കമല്‍ ഹാസന്‍ പറഞ്ഞു. താന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഞായറാഴ്ച് രജനീകാന്ത് പ്രസ്താവന നടത്തിയിരുന്നു. ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
Discussion about this post